കെ.എസ്. ചിത്രയുടെ ഓണപ്പാട്ട് "അത്തം പത്ത്'
Thursday, August 28, 2025 1:04 PM IST
മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ ഓണപ്പാട്ട് അത്തം പത്ത് തരംഗമാകുന്നു. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിട്ടുള്ള രാജീവ് ആലുങ്കലാണ് ഗൃഹാതുരത്വമുള്ള ഈ പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത്.
ശ്രദ്ധേയനായ യുവസംഗീത സംവിധായകൻ സൽജിൻ കളപ്പുരയാണ് ഈണം നൽകിയിരിക്കുന്നത്. ഇതിനു മുൻപ് രാജീവ് ആലുങ്കൽ സൽജിൻ കളപ്പുര കൂടുകെട്ടിൽ പുറത്തിറങ്ങിയ എം.ജി. ശ്രീകുമാർ ആലപിച്ച എന്റെ പൊന്നു സ്വാമി എന്ന അയ്യപ്പഭക്തിഗാനവും സുജാത പാടിയ സ്തുതി എന്ന ക്രിസ്തുമസ് ആൽബവും വളരെയധികം ജനശ്രദ്ധ നേടികഴിഞ്ഞിരുന്നു.
ഈ രണ്ട് സംഗീതആൽബങ്ങളുടേയും വൻ സ്വീകാര്യതയ്ക്കു ശേഷമാണ് ഇവർ ഇരുവരും ചേർന്നൊരുക്കി ചിത്ര ആലപിച്ച അത്തംപത്ത് എന്ന ഓണപ്പാട്ട് തരംഗമായി മാറുന്നത്.
32 വർഷത്തിനു ശേഷം ശ്രീകുമാരൻ തമ്പിയും യേശുദാസും ഒരുമിച്ച 2023ൽ പുറത്തിറങ്ങിയ തരംഗണിയുടെ പൊന്നോണത്താളം എന്ന സൂപ്പർഹിറ്റ് ഓണ ആൽബത്തിന് സംഗീതം നൽകിയതും സൽജിൻ കളപ്പുരതന്നെയായിരുന്നു.തുടർന്ന് ഒട്ടേറെ ഗാനങ്ങൾക്ക് ഈണം നൽകി ഇന്ന് മലയാളത്തിലും തമിഴിലും ഈ രംഗത്ത് സജീവ സാന്നിധ്യമാണ് ഈ യുവ സംഗീത സംവിധായകൻ.
ഇന്ത്യയിലെതന്നെ പ്രഗൽഭരും പ്രശസ്തരുമായ നിരവധി കലാകാരൻമാരാണ് അത്തം പത്ത് എന്ന ആൽബത്തിന് പശ്ചാത്തല സംഗീതം ഒരുക്കുവാൻ ബിജു പൗലോസിനൊപ്പം ചെന്നൈയിൽ അണിനിരന്നത്.
പതിവിൽ നിന്നു വ്യത്യസ്ഥമായ വലിയൊരു കോറസ്ടീമും ഗാനത്തിന്റെ പ്രത്യേകതയാണ്. ഏറെ കാലത്തിനു ശേഷമാണ് മെഗാ ഓർക്കസ്ട്രേഷനിൽ ഒരു മലയാള ഗാനം പുറത്തിറങ്ങുന്നത് .അനിൽ നായരാണ് നിർമാണം.
മലയാളത്തനിമയുള്ള നല്ല ഗാനങ്ങൾ ഇല്ലാതായിപ്പോകുന്നു എന്ന് പലപ്പോഴും തോന്നിപോകാറുള്ള ഈ കാലത്ത് സംഗീതപ്രേമിക്കുള്ള ഓണക്കൈനീട്ടമാണ് ഈ പാട്ടെന്നും കെ.എസ് ചിത്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഇതിനോടകം തന്നെ നിരവധിപേരുടെ മികച്ച അഭിപ്രായങ്ങളിലൂടെ കൂടുതൽ ജനകീയമായിമാറുന്ന അത്തം പത്ത് ഓണക്കാലം കഴിഞ്ഞാലും ഗാനാസ്വാദകരുടെ നാവിൻ തുമ്പിൽനിന്ന് ഒഴിഞ്ഞു പോകാത്ത ഗാനമായി മാറും.