എല്ലാവരുടെയും ജീവിതത്തിൽ ഇങ്ങനയൊരാൾ വേണം; കെനിഷയെ പുകഴ്ത്തി രവി മോഹൻ
Thursday, August 28, 2025 12:16 PM IST
കെനീഷ ഫ്രാൻസിസ് തനിക്ക് ദൈവം തന്ന സമ്മാനമെന്ന് നടൻ രവി മോഹൻ. രവി മോഹന്റെ പുതിയ നിർമാണ കമ്പനിയുടെ ലോഞ്ചിംഗ് വേദിയിലാണ് സുഹൃത്ത് കെനീഷ ഫ്രാൻസിസിനെ താരം വാനോളം പുകഴ്ത്തിയത്. തന്നെ സ്വയം കണ്ടെത്താൻ കെനീഷയാണ് സഹായിച്ചത് എന്നും രവി മോഹൻ പറഞ്ഞു. താരത്തിന്റെ വാക്കുകൾ നിറകണ്ണുകളോടെയാണ് കെനീഷ കേട്ടിരുന്നത്.
രവി മോഹന്റ വാക്കുകൾ
‘ഇന്നീ പരിപാടി നടക്കാനുള്ള ഒരേയൊരു കാരണം കെനീഷ മാത്രമാണ്. എന്റെ ജീവിതത്തിൽ ഇതുപോലെ എന്നെ സഹായിച്ച ആരുമുണ്ടായിട്ടില്ല. ഒരു മനുഷ്യൻ ജീവിതത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ ദൈവം ഏതെങ്കിലും രൂപത്തിൽ അയാളെ സഹായിക്കാൻ എത്തും.
എനിക്ക് അതുപോലെ ദൈവം കൊണ്ടുതന്ന സമ്മാനമാണ് കെനീഷ. ഞാൻ അരാണെന്ന് എന്നെ കണ്ടെത്താൻ സഹായിച്ചത് കെനീഷയാണ്. രവി മോഹൻ സ്റ്റുഡിയോസിൽ കെനീഷയും പങ്കാളിയാണ്.
എല്ലാവരുടെയും ജീവിതത്തിൽ ഇങ്ങനെയൊരാളുണ്ടായിരിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. രവി മോഹന്റെ അമ്മ വരലക്ഷ്മിയും മൂത്ത സഹോദരൻ മോഹൻ രാജയും വേദിയിലുണ്ടായിരുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് കെനീഷയും രവി മോഹനും ചടങ്ങിന് എത്തിയത്.
കഴിഞ്ഞ ദിവസമാണ് പുതിയ നിർമാണ കമ്പനി ആരംഭിക്കുന്ന വിവരം നടൻ രവി മോഹൻ പുറത്തുവിട്ടത്. രവി മോഹൻ സ്റ്റുഡിയോസ് എന്നാണ് കമ്പനിയുടെ പേര്. കമ്പനിയുടെ ലോഞ്ച് ചടങ്ങിൽ തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ചും രവി മോഹൻ പ്രഖ്യാപിച്ചു.
യോഗി ബാബുവിനെ നായകനാക്കി ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രമാണ് രവി മോഹൻ സംവിധാനം ചെയ്യാൻ പോകുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പത്ത് സിനിമകൾ പ്രൊഡക്ഷൻ ഹൗസിന്റെ ഭാഗമായി പുറത്തിറക്കാനാണ് താരം പദ്ധതിയിടുന്നത്.