ആരോഗ്യനിലയിൽ നേരിയ പുരോഗതി; രാജേഷ് കേശവിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Thursday, August 28, 2025 9:46 AM IST
നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. ആൻജിയോപ്ലാസ്റ്റിക്ക് രാജേഷിനെ വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ന്യൂറോ വിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
നിലവിൽ അഡ്വാൻസ് ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ ഐസിയുവിലാണ് രാജേഷുള്ളത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ ഞായറാഴ്ചയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീണത്.
പെട്ടന്നുണ്ടായ ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിനെയും ബാധിച്ചുവെന്ന നിരീക്ഷണത്തിലാണ് ഡോക്ടർമാരുള്ളത്.
ടെലിവിഷനിൽ കരിയർ ആരംഭിച്ച രാജേഷ് മലയാളത്തിലെ പ്രമുഖ അവതാരകരിലൊരാളാണ്. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളിലും ടോക്ക് ഷോകളിലും അവതാരകനായെത്തി.
ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, നീന, തട്ടും പുറത്ത് അച്യുതൻ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്.