പ്രസിഡന്റ് ആയതിന് ശേഷം അമ്മയുടെ എക്സിക്യുട്ടീവ് യോഗം വിളിച്ച് ചേർത്ത് ശ്വേത; വീഡിയോ
Thursday, August 21, 2025 11:55 AM IST
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ എക്സിക്യൂട്ടിവ് യോഗം ചേർന്നു. സംഘടനയുടെ 32ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി കൂടിയായിരുന്നു ഇത്. കലൂരിലെ അമ്മ ഓഫീസിലെത്തി ചുമതലയേറ്റതിനു പിന്നാലെ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനങ്ങൾ മാധ്യമങ്ങളോടും പങ്കുവച്ചു.
പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവർ യോഗത്തിന് എത്തി. കമ്മിറ്റി അംഗങ്ങളും അഭിനേതാക്കളും യോഗത്തിൽ പങ്കെടുത്തു. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.
അമ്മയിലെ ചില വനിതാ അംഗങ്ങളെ ഹോട്ടലിൽ വിളിച്ചു വരുത്തി നടത്തിയ ചർച്ചയ്ക്കിടെ അവർ പരാതി പറയുന്ന ദൃശ്യങ്ങൾ റിക്കാഡ് ചെയ്തു മെമ്മറി കാർഡിലാക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദം അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്നും ശ്വേത മേനോൻ യോഗത്തിനുശേഷം മാധ്യമങ്ങളെ അറിയിച്ചു.
എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികളെല്ലാം ചർച്ചയായെന്നും പരിഹരിക്കാൻ ഉപസമിതികൾ രൂപീകരിക്കുമെന്നും ശ്വേത പറഞ്ഞു. എല്ലാവരുടെയും പരാതികൾ കേൾക്കുമെന്നും ശ്വേത പറഞ്ഞു.
ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ കമ്മിറ്റി അംഗം സന്തോഷ് കീഴാറ്റൂർ ഒഴികെ എല്ലാവരും പങ്കെടുത്തു.