യെസ് നമ്മുടെ മമ്മൂട്ടി തിരിച്ചുവരുന്നു; സ്ഥിരീകരിച്ച് ജോർജും ആന്റോ ജോസഫും
Tuesday, August 19, 2025 1:34 PM IST
ആരാധകരുടെ പ്രാർഥനകളും പ്രതീക്ഷകളും സഫലമാക്കി മമ്മൂട്ടി തിരിച്ചുവരുന്നു. ഇതിന് ചർച്ചയായിരിക്കുന്നത് മമ്മൂട്ടിയുടെ ഉറ്റസുഹൃത്തും നിർമാതാവുമായ ആന്റോ ജോസഫിന്റെയും സന്തതസഹചാരി ജോർജിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളാണ്.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി, എന്നാണ് ആന്റോ ജോസഫിന്റെ പോസ്റ്റ്. എന്താണ് കാര്യമെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും ഇത് മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ചെന്ന് ഉറപ്പാണ്.
പിന്നാലെ തന്നെ ജോർജും ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി എന്നാണ് മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം ജോർജ് കുറിച്ചത്.
ഏറ്റവും ഒടുവില്‍ നടത്തിയ ആരോഗ്യ പരിശോധനകളില്‍ മമ്മൂട്ടി പൂര്‍ണ്ണ സൗഖ്യം നേടിയതായാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. സെപ്റ്റംബർ ഏഴിന് ജൻമദിനത്തോടനുബന്ധിച്ച് അദ്ദേഹം കൊച്ചിയിൽ എത്തുമെന്നും ആരാധകർ പറയുന്നുണ്ട്.