സിനിമ അഭിനയത്തെപ്പറ്റി ചിന്തിച്ചിട്ടേയില്ല; മാളവിക ജയറാം പറയുന്നു
Tuesday, August 19, 2025 1:27 PM IST
സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക. ഭർത്താവ് തനിക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും വിവാഹത്തിന് മുൻപും സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും മാളവിക പറഞ്ഞു.
ജയറാമും മകൻ കാളിദാസനും ഒരുമിച്ച് അഭിനയിക്കുന്ന ആശകൾ ആയിരം എന്ന സിനിമയുടെ പൂജയ്ക്കെത്തിയപ്പോഴാണ് മാളവിക ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.
‘‘സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. വിവാഹം കഴിഞ്ഞതുകൊണ്ടല്ല അഭിനയിക്കാത്തത്. വിവാഹത്തിന് മുൻപും സിനിമയിൽ വന്നിട്ടില്ല, അതുകൊണ്ടു വിവാഹത്തിന് ശേഷവും അത്തരത്തിൽ ചിന്തിച്ചിട്ടില്ല. അച്ഛനും കണ്ണനും ഒരുമിച്ചഭിനയിക്കുമ്പോൾ അഭിനയിക്കേണ്ടി വരില്ല എന്നാണ് എനിക്ക് തോന്നുന്നത്. വീട്ടിൽ ആയാലും അവർ തമ്മിൽ നല്ല കോംബിനേഷന് ആണ്.
25 വർഷങ്ങൾക്ക് മുൻപ് അച്ഛനും കണ്ണനും ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു, അന്ന് കണ്ടതുപോലത്തെ ഒരു വൈബ് ഇപ്പോൾ അവരെ ഒരുമിച്ച് കാണുമ്പോഴും ഉണ്ടാകും.
അച്ഛനെയും കണ്ണനെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല. രണ്ടുപേരും രണ്ടു വ്യക്തികളാണ് എന്നതുപോലെ തന്നെ അവരുടെ സിനിമയോടുള്ള സമീപനവും വ്യത്യസ്തമാണ്. രണ്ടുപേരുടെയും സമാനതകളില്ലാത്ത സ്വഭാവസവിശേഷത ഒരുമിച്ച് വരുമ്പോൾ ഒരു മാജിക്ക് ഉണ്ടാകും. അതാണ് എന്റെഅഭിപ്രായം. ’’മാളവിക പറഞ്ഞു.
സിനിമയുടെ പൂജ ചടങ്ങിൽ മാളവികയ്ക്കൊപ്പം ഭർത്താവ് നവനീതും ഉണ്ടായിരുന്നു. പാലക്കാട് സ്വദേശിയും, യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാണ് നവനീത്.
ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിൽ നിന്നും ബിരുദം നേടിയ മാളവിക യുകെയിലെ ഒരു സർവ്വകലാശാലയിൽ നിന്ന് സ്പോർട്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. സിനിമയേക്കാൾ കൂടുതൽ താൽപ്പര്യം കായിക മേഖലയോടാണെന്ന് മാളവിക പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.