ന്യൂയോർക്കിലൂടെ കൈകോർത്ത് രശ്മികയും വിജയ് ദേവരകൊണ്ടയും; വീഡിയോ വൈറൽ
Tuesday, August 19, 2025 11:04 AM IST
ന്യൂയോർക്ക് വീഥികളിലൂടെ കൈകോർത്ത് പിടിച്ച് നടക്കുന്ന രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയും വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലാണ്. ന്യൂയോര്‍ക്കില്‍ നടന്ന ‘ഇന്ത്യാ ഡേ’ പരേഡിൽ പങ്കെടുക്കാനാണ് താരങ്ങൾ ഒന്നിച്ചെത്തിയത്.
വിജയിയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും ചർച്ചയാകുന്നത്.
43–ാമത് ‘ഇന്ത്യാ ഡേ’ പരേഡില്‍ ഗ്രാൻഡ് മാർഷല്സായി എത്തിയത് വിജയ്യും രശ്മികയുമായിരുന്നു. ഓഗസ്റ്റ് 17ന് മാഡിസണ്‍ അവന്യുവില്‍ നടന്ന പരേഡില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. കൈകള്‍ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ ദേശീയപതാക കൈയിലേന്തിയാണ് താരങ്ങൾ എത്തിയത്. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്ന താരങ്ങളെ വീഡിയോയിൽ കാണാം.
ചുരുങ്ങിയ സമയംകൊണ്ടുതന്നെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ താന്‍ സിംഗിള്‍ അല്ലെന്ന് വിജയ് ദേവരകൊണ്ട വ്യക്തമാക്കിയിരുന്നു.
എന്നാൽ കാമുകിയാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പ്രണയമുണ്ടെന്ന് രശ്മികയും സമ്മതിച്ചെങ്കിലും ആരെന്ന് പറഞ്ഞിട്ടില്ല. അത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് എന്നാണ് ചോദ്യത്തോട് രശ്മിക പ്രതികരിച്ചത്. ഇതോടെ രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിക്കുകയായിരുന്നു.