രജനിയുടെ ജയിലർ 2 ലുക്ക് പുറത്ത് വിട്ട് മന്ത്രി മുഹമ്മദ് റിയാസ്; കൂടിക്കാഴ്ച കോഴിക്കോട്ട്
Wednesday, May 14, 2025 12:27 PM IST
ജയിലർ 2 ചിത്രീകരണത്തിനായി കേരളത്തിലെത്തിയ തമിഴ് സൂപ്പർതാരം രജനികാന്തിനെ സന്ദർശിച്ച് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട്ടെ ലൊക്കേഷനിലെത്തിയാണ് മന്ത്രിയുടെ കൂടിക്കാഴ്ച.
“നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി” എന്നാണ് രജനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി കുറിച്ചത്. ഇതാദ്യമായാണ് മുത്തുവേൽ പാണ്ഡ്യന്റെപുതിയ ലുക്ക് പുറത്തുവരുന്നത്. നേരത്തെ സിനിമയുടെ ഔദ്യോഗിക ലോഞ്ച് വീഡിയോയിൽ മാത്രമാണ് ജയിലർ 2വിലെ രജനിയുടെ ലുക്ക് പുറത്തുവിട്ടിരുന്നത്.
ചെറുവണ്ണൂരിലാണ് ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ കേരളത്തിലെ മുഖ്യ ലൊക്കേഷനാണ് ഇത്. ആറുദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്.
സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്. കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം.
പാലക്കാട് അട്ടപ്പാടിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് രജനി കോഴിക്കോട് എത്തിയത്. രാമനാട്ടുകര കടവ് റിസോര്‍ട്ടിലാണ് താമസം.
പാലക്കാട് ഏകദേശം ഇരുപത് ദിവസത്തോളം ചിത്രീകരണം നീണ്ടിരുന്നു. ഷോളയൂർ ഗോഞ്ചിയൂർ, ആനകട്ടി എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. മാർച്ചിൽ ആദ്യ ഘട്ട ചിത്രീകരണം തുടങ്ങിയിരുന്നു. 2023ൽ ആയിരുന്നു ‘ജയിലർ’ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 600 കോടിയിലേറെ ചിത്രം വാരി.
ജയിലറിലെ താരങ്ങൾക്കൊപ്പം പുതിയ കുറച്ച് ആളുകളും ഇത്തവണ എത്തുന്നുണ്ട്. മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നു. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയാണ് പുതിയ അതിഥി. സുരാജ് വെഞ്ഞാറമ്മൂട് ആകും ഇത്തവണ വില്ലനായി എത്തുക.