ഉണ്ണിക്കണ്ണൻ വിജയ്യെ കണ്ടതാണ്, താൻ സാക്ഷി; മമിത ബൈജു
Tuesday, May 13, 2025 8:27 PM IST
വിജയ്യോട് കടുത്ത ആരാധന വെച്ചുപുലർത്തുന്ന വ്യക്തിയാണ് ഉണ്ണിക്കണ്ണൻ. ഈയടുത്ത് ഉണ്ണിക്കണ്ണൻ വിജയ്യെ നേരിട്ട് കണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ചിത്രങ്ങളൊന്നും പങ്കുവയ്ക്കാതിരിക്കുന്നതിനാൽ ആ കാര്യം വെറുതെയാണെന്ന് പറഞ്ഞ് ഉണ്ണിക്കണ്ണന് നേരെ നിരവധി പേരാണ് എത്തിയത്. എന്നാൽ ഇപ്പോഴിതാ നടി മമിത ബൈജു ഉണ്ണിക്കണ്ണൻ വിജയ്യെ നേരിൽ കണ്ടത് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.
വിജയിയെ കണ്ടെന്ന് പറഞ്ഞത് നുണയാണെന്ന കമന്റുകളില്‍ മനംനൊന്ത് ഉണ്ണിക്കണ്ണന് പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു മമിതയുടെ കമന്റ്. 'യെസ് യുവര്‍ ഓണര്‍ അയാം ദ് വിറ്റ്നസ്' എന്നായിരുന്നു മമിതയുടെ കമന്റ്.
വിജയ് ആരാധകനായ ഉണ്ണിക്കണ്ണന് മംഗലംഡാം കാല്‍നടയായി ചെന്ന് ചെന്നൈയില്‍ വിജയിയെ കണ്ട വിവരം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. എന്നാല്‍ ഇത് തെളിയിക്കുന്ന ഫോട്ടോ ഒന്നുമില്ലെന്ന് പറഞ്ഞ് ഉണ്ണിക്കണ്ണനു നേരെ ആക്രമണം ശക്തമായിരുന്നു. കമന്റ് ബോക്സില്‍ ഉണ്ണിക്കണ്ണനെയും കുടുംബത്തെയുമടക്കം പലരും അസഭ്യം പറഞ്ഞിരുന്നു.
സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ഉണ്ണിക്കണ്ണന് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മമിത ബൈജു കമന്റ് ചെയ്തത്. താൻ കള്ളം പറയില്ലെന്ന് അദ്ദേഹം വിഷമത്തോടെ പറഞ്ഞു. വിജയ് അണ്ണനെ കണ്ടതിന് മമിത ബൈജു സാക്ഷിയാണെന്നും ഉണ്ണിക്കണ്ണന് വീഡിയോയില്‍ പറഞ്ഞിരുന്നു. ഈ വീഡിയോയിലാണ് മമിത കമന്റ് ചെയ്തത്.
വീഡിയോയില്‍ കമന്റ് ചെയ്ത് താന്‍ നുണയനല്ലെന്ന് ലോകത്തോടു വിളിച്ചു പറഞ്ഞ മമിതയോട് ഉണ്ണിക്കണ്ണന് നന്ദി പറഞ്ഞു. ഇത്രയും തിരക്കിനിടയിലും മമിതക്കുട്ടി എന്ന അനിയത്തിക്കുട്ടി സത്യം പറയാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും ഉണ്ണിക്കണ്ണന് വ്യക്തമാക്കി.
ഉണ്ണിക്കണ്ണന്റെ വാക്കുകള്‍
'ഈ ലോകത്ത് ഒരു സത്യമുണ്ട്. ആ സത്യമാണ് ദൈവം. ഞാന്‍ വിജയ് അണ്ണനെ കണ്ടില്ലെന്ന് പറഞ്ഞ് എന്നെയും എന്റെ കുടുംബത്തെയും കമന്റില്‍ ചീത്ത പറഞ്ഞ് ചിലരെങ്കിലും ഞങ്ങളെ വേദനിപ്പിച്ചു. ദൈവത്തെപ്പോലെ വന്ന്, ഈ തിരക്കിനിടയിലും മമിത ബൈജു, അനിയത്തിക്കുട്ടി സത്യം പറഞ്ഞു.
ഞാന്‍ വിജയ് അണ്ണനെ കണ്ടപ്പോള്‍ അനിയത്തിക്കുട്ടി അവിടെയുണ്ടായിരുന്നു. അനിയത്തിക്കുട്ടി, ഒരുപാട് സന്തോഷം. ഞാന്‍ മനസ് തകര്‍ന്ന് നില്‍ക്കുകയായിരുന്നു. എന്നെ അറിയുന്നവര്‍ പോലും ഞാന്‍ കള്ളം പറഞ്ഞതാണെന്ന് പറഞ്ഞു. ഞാന്‍ കാണാന്‍ പോയത് ലോകം അറിയുന്ന വിജയ് അണ്ണനെയാണ്. അനിയത്തിക്കുട്ടീ, ഒരുപാട് സന്തോഷം.'