പാക്ക് നടന്റെ സിനിമയ്ക്ക് ഇന്ത്യയിൽ വിലക്ക്; പ്രദർശനാനുമതി നൽകില്ലെന്ന് വാർത്താവിതരണ മന്ത്രാലയം
Friday, April 25, 2025 11:17 AM IST
പാക്കിസ്ഥാനി നടൻ ഫവദ് ഖാൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അബിർ ഗുലാൽ എന്ന ഹിന്ദിസിനിമ ഇന്ത്യയിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പാക്കിസ്ഥാനി കലാകാരന്മാരുമായി സഹകരിക്കില്ലെന്ന നിലപാട് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും രണ്ട് ദിവസം മുൻപ് ആവർത്തിച്ചിരുന്നു.
ഫവാദ് ഖാനും വാണി കപൂറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘അബിർ ഗുലാൽ’ മേയ് ഒൻപതിന് പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പിന്നാലെയാണ് ജനവികാരം മനസിലാക്കി പ്രദർശനാനുമതി നൽകേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളൽ കാരണം സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നതിനെ മഹാരാഷ്ട്ര നവനിർമാൺ സേന എതിർത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും ‘ബാൻ അബിർ ഗുലാൽ’ ഹാഷ്ടാഗ് പ്രചരിച്ചിരുന്നു.
കേന്ദ്ര സർക്കാരിനു പുറമെ വിതരണക്കാരും ‘അബിർ ഗുലാൽ’ രാജ്യത്ത് പ്രദർശിപ്പിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. 2016ൽ ഉറി ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ കലാകാരന്മാർക്ക് ഇന്ത്യൻ സിനിമ-സംഗീത മേഖലയിൽ പ്രവർത്തിക്കുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നു.