സുരേഷ് ഗോപി തൊടുപുഴയിൽ; ഒറ്റക്കൊമ്പൻ രണ്ടാംഘട്ട ചിത്രീകരണത്തിന് തുടക്കമായി
Tuesday, April 22, 2025 10:46 AM IST
സുരേഷ് ഗോപി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒറ്റക്കൊമ്പൻ’ രണ്ടാംഘട്ട ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ശ്രീധർമ ശാസ്താ, ശ്രീ മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ, രാജ് മോഹൻ എന്നിവരും നിരവധി ജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചു തുടങ്ങിയത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' ആദ്യ ഘട്ട ചിത്രീകരണം ജനുവരിയിൽ തിരുവനന്തപുരത്ത് പൂർത്തിയായിരുന്നു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കും കഴിഞ്ഞാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് തൊടുപുഴ, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ചാർട്ടു ചെയ്തിരിക്കുന്നത്.
പിന്നീട് മലേഷ്യാ, മക്കൗ എന്നിവിടങ്ങളിൽ ചിത്രീകരണം ഉണ്ടാകും. സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ ലഭ്യമാകുന്ന ഡേറ്റിനനുസരിച്ചു എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു. കോ പ്രൊഡ്യൂസേർസ് വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
കബീർ ദുഹാൻ സിംഗി, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
രചന ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം ഷാജികുമാർ, സംഗീതം ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ് ഷഫീക് വി.ബി., ഗാനങ്ങൾ വയലാർ ശരത്ച്ചന്ദ്ര വർമ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ അനീഷ് തൊടുപുഴ, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ചീഫ് അസ്സോ. ഡയറക്ടേർസ് കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ പ്രേംലാൽ പട്ടാഴി, പിആർഒ -വാഴൂർ ജോസ്, ശബരി.