ഹോട്ടലിലെത്തിയത് വിദേശ മലയാളിയായ നഴ്സിനെ കാണാനെന്ന് ഷൈനിന്റെ മൊഴി
Tuesday, April 22, 2025 10:21 AM IST
ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ പോലീസിന് നല്കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം നോര്‍ത്തിലുള്ള വേദാന്ത ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാന്‍ വേണ്ടിയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി.
ലണ്ടനില്‍ നഴ്സായ ഇവരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. തങ്ങള്‍ സ്ഥിരമായി ഫോണില്‍ സംസാരിച്ചിരുന്നവരാണ്. നേരില്‍ കാണാനാണ് ഹോട്ടലിലേക്ക് വന്നത്. സ്വന്തം പണം മുടക്കിയാണ് ഹോട്ടലില്‍ താന്‍ മുറിയെടുത്തത്. യുവതി അവിടെ മറ്റൊരു മുറിയും എടുത്തിരുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
ഹോട്ടല്‍മുറിയില്‍നിന്ന് ഇറങ്ങിയോടിയത് ഭയന്നിട്ട് തന്നെയാണെന്നാണ് ഇയാള്‍ പറയുന്നത്. തന്റെ പിതാവുമായി സാമ്പത്തിക തര്‍ക്കമുള്ളവര്‍ മര്‍ദിക്കാന്‍ വരുന്നുവെന്ന് കരുതിയാണ് ഓടിയത്. പിതാവ് ഒരു സിനിമ നിര്‍മിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നു. സിനിമയുടെ ലാഭവിഹിതത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം. അതുമായി ബന്ധപ്പെട്ടവര്‍ തന്നെ മര്‍ദിക്കാന്‍ വന്നതെന്നാണ് കരുതിയത്. ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് ചോദിച്ചപ്പോഴും അവര്‍ ഒളിച്ചുകളിച്ചു. ഇതോടെയാണ് സംശയം കൂടിയതെന്നും അതുകൊണ്ടാണ് ഓടി രക്ഷപ്പെട്ടതെന്നുമാണ് ഷൈനിന്റെ മൊഴി.
പോലീസ് ചോദ്യം ചെയ്യുന്നത് വൈകും
ലഹരിക്കേസ് അന്വേഷിക്കുന്ന സംഘം എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. നടനെ പോലീസ് ചോദ്യം ചെയ്യുന്നത് വൈകുമെന്നാണ് ലഭ്യമാകുന്ന വിവരം. കൃത്യമായ തെളിവുകള്‍ ലഭിച്ച ശേഷം മാത്രം ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പോലീസ്. കേസില്‍ ധൃതിപിടിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നത് പിന്നീട് കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം കേസില്‍ ഷൈനിന്റെ ഫോണില്‍ നിന്ന് എല്ലാ വിവരങ്ങളും ശേഖരിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇവ വിശദമായി പരിശോധിച്ചുവരികയാണെന്നും ഷൈനിന്റെ ലഹരി പരിശോധനാ ഫലമടക്കം ലഭിച്ചശേഷം തുടര്‍ നടപടികളിലേക്ക് കടക്കാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷൈനിനോട് പോലീസ് ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് അത് മറ്റൊരു ദിവസത്തേക്കു മാറ്റി.
ബുധനാഴ്ച രാത്രി സ്വകാര്യ ഹോട്ടലില്‍ നര്‍ക്കോട്ടിക് സംഘം നടത്തിയ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ കെട്ടിടത്തില്‍നിന്ന് ചാടിയിറങ്ങി ഓടിയതാണ് കേസിന് ആധാരമായ സംഭവം. തുടര്‍ന്ന് ഇയാളെ ശനിയാഴ്ച പോലീസ് ചോദ്യം ചെയ്തപ്പോഴാണ് താന്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നും കഞ്ചാവും മെത്താഫെറ്റമിനുമാണ് പതിവെന്നും ഷൈന്‍ സമ്മതിച്ചത്. താന്‍ 12 ദിവസം കോട്ടയം കൂത്താട്ടുകുളത്തെ ലഹരി വിമുക്തി കേന്ദ്രത്തില്‍ കഴിഞ്ഞിട്ടുണ്ടെന്നും പിന്നീട് അവിടെനിന്ന് ചാടിപ്പോവുകയായിരുന്നെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇയാള്‍ക്കെതിരേ എന്‍ഡിപിഎസ് ആക്ടിലെ മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. തുടര്‍ന്ന് ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് വൈദ്യപരിശോധനയും ലഹരിപരിശോധനയും നടത്തിയ ശേഷം സ്റ്റേഷനിലെത്തിച്ച് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
കേസ് ദുര്‍ബലമായേക്കും
നിലവില്‍ ഷൈൻ ടോമിനെ പ്രതിയാക്കി പോലീസെടുത്തിരിക്കുന്ന കേസ് ഏറെ ദുര്‍ബലമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം, ലഹരി ഉപയോഗിച്ചതിന് ഒരു തെളിവും കൈയില്‍ കിട്ടാതെയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ ലഹരി ഉപയോഗിക്കുന്നതോ ഇറങ്ങിയോടിയ ശേഷം മുറിയില്‍ നടത്തിയ പരിശോധനയിൽ സംശയിക്കത്തക്കതായി എന്തെങ്കിലുമോ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഷൈനിന് നല്‍കാനെത്തിച്ച ലഹരിയെന്ന പേരില്‍ ആരില്‍ നിന്നും ഒന്നും പിടികൂടിയിട്ടുമില്ല. ഒടുവില്‍ ലഹരി ഉപയോഗിച്ചതായി സംശയിക്കുന്ന ബുധനാഴ്ച രാത്രിക്ക് ശേഷം ശനിയാഴ്ച രാവിലെയാണ് ഷൈന്‍ പോലീസിന് മുന്നിലെത്തിയത്. ഇയാളുടെ രക്തം, മൂത്രം, നഖം, മുടി, ഉമിനീര് എന്നിവയാണ് ശേഖരിച്ചിരിക്കുന്നത്. നഖം, മുടി എന്നിവയില്‍നിന്ന് തെളിവ് കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
2015ലെ കൊക്കെയ്ന്‍ കേസില്‍ രക്തമൊഴികെ മറ്റൊന്നും എടുക്കാതിരുന്നതിനാല്‍ തെളിവില്ലാതെ ഷൈന്‍ ടോം ചാക്കോ അടക്കം പ്രതികള്‍ രക്ഷപ്പെട്ടതിന്റെ അനുഭവം ഉള്ളതിനാല്‍ പോലീസ് കൂടുതല്‍ ജാഗ്രതയിലാണ്.