പേടിക്കാനൊന്നുമില്ല അദ്ദേഹം സുഖമായിരിക്കുന്നു; മമ്മൂട്ടിയെക്കുറിച്ച് മോഹൻലാൽ
Tuesday, March 25, 2025 1:13 PM IST
മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങളിൽ മറുപടിയുമായി മോഹൻലാൽ. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പേടിക്കേണ്ടതായ കാര്യങ്ങളൊന്നും തന്നെയില്ലെന്നും മോഹൻലാൽ പറഞ്ഞു. എമ്പുരാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേ ഒള്ളൂ. പേടിക്കാൻ ഒന്നുമില്ല.’’’–മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.
ശബരിമല ദർശനത്തിനിടയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതറിഞ്ഞു. നിങ്ങളുടെ ആഴമേറിയ സ്നേഹ ബന്ധത്തെക്കുറിച്ച് രണ്ട് വാക്കുകൾ പറയാമോ എന്ന ചോദ്യത്തിനു തുടർച്ചയായാണ് മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചും മാധ്യമ പ്രവർത്തകർ ആരാഞ്ഞത്. മമ്മൂട്ടിക്കു വഴിപാട് നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാലിന്റെ മറുപടി ഇങ്ങനെ.
‘‘അത് എന്തിന് പ്രത്യേകം പറയണം. ശബരിമലയിൽ പോയിഅദ്ദേഹത്തിന് വേണ്ടി ഒരു പൂജ ചെയ്തു. ആരോ ആ രസീത് ലീക്ക് ചെയ്തു. അത് തീർത്തും പേഴ്സനലായ കാര്യമാണ്. നിങ്ങൾ ഒരാൾക്ക് വേണ്ടി പ്രാർഥിക്കുന്നത് എന്തിന് പുറത്ത് പറയണം.
ഞാൻ നിനക്കു വേണ്ടി പ്രാർഥിക്കാം എന്ന് പലരും പറയും, എന്നിട്ട് അത് ചെയ്യില്ല. നിങ്ങൾ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്യണം. അദ്ദേഹം എന്റെ സുഹൃത്തും സഹോദരനുമാണ്. അദ്ദേഹത്തിന് വേണ്ടി ഞാൻ പ്രാർഥിച്ചു.’’