കാൽച്ചിലന്പണിഞ്ഞ സൗന്ദര്യം...
എസ്. മഞ്ജുളാദേവി
Tuesday, March 25, 2025 2:36 PM IST
1977ൽ റിലീസ് ചെയ്ത സുജാത എന്ന ചിത്രത്തിലെ കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലന്പണിയിച്ച സൗന്ദര്യമേ.. എന്ന ഗാനം ഇക്കാാലത്തും ഗാനാസ്വാദകരും നിരൂപകരും നെഞ്ചേറ്റുന്ന ഗാനമാണ്. പ്രണയത്തിന്റെ ഏതോ യുഗത്തിലേക്ക് പറന്നുപോകുന്ന അനുഭൂതിയാണ് കേൾക്കുന്പോൾ ഉണ്ടാവുക.
പ്രേംനസീറും ജയഭാരതിയും അഭിനയിച്ച ഈ ഗാനരംഗം സമൂഹമാധ്യമങ്ങളിലെ സംഗീതഗ്രൂപ്പുകളിൽ വീണ്ടും വീണ്ടും എത്തുന്പോൾ പല ആസ്വാദകരും പറയുന്നത് മങ്കൊന്പ് ഗോപാല കൃഷ്ണന്റെ ഈ ഗാനം ഒരു ഗന്ധർവലോകത്തേക്ക് തങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നുവെന്നാണ്. മങ്കൊന്പിന്റെ പ്രണയമുതിരുന്ന വരികൾ, രവീന്ദ്ര ജയിൻ എന്ന മഹാപ്രതിഭയുടെ കരളിൽ തൊടുന്ന സംഗീതം, പ്രേംനസീറിന്റെ കണ്ണുകളിലെ സ്നേഹതീവ്രത ... അക്ഷരാർത്ഥത്തിൽ ഗന്ധർവലോകം തന്നെ.
ഇതേ മുഗ്ധലാവണ്യമുണ്ട് മങ്കൊന്പിന്റെ എല്ലാ പ്രണയഗാനങ്ങൾക്കും. "നാടൻ പാട്ടിന്റെ മടിശീല കിലുങ്ങും നാട്ടിൻപുറമൊരു യുവതി...,' "രാജസൂയം കഴിഞ്ഞു...,' "പാലരുവി നടുവിൽ...,' "നവനീത ചന്ദ്രികെ തിരിതാഴ്ത്തു...'അങ്ങനെ നീളുന്നു ഗാനങ്ങൾ. ഈ ഗാനങ്ങളിലെല്ലാം മങ്കൊന്പ് സ്വപ്നത്തിന്റെ പാലാഴിയിൽ നീന്തുന്ന കവിയാണ്.
ജീവിതത്തിൽ പക്ഷെ, ആലപ്പുഴക്കാരൻ ഗോപാലകൃഷ്ണൻ സ്വപ്നലോലുപൻ മാത്രമായിരുന്നില്ല. പല അഭിമുഖങ്ങളിലും മങ്കൊന്പ് തന്നെ തുറന്നു പറയുന്നുണ്ട് താൻ പ്രായോഗികമായി ചിന്തിക്കുന്ന വ്യക്തിയാണെന്ന്. ഹരിഹരൻ എന്ന അതുല്യ സംവിധായകനൊപ്പം നിരവധി സിനിമകളിൽ മലയാണ്മയുടെ സൗന്ദര്യം നിറച്ച മങ്കൊന്പ് തന്നെയാണ് രാജമൗലിക്കൊപ്പം കൈകോർത്തത്. ബാഹുബലിയിലെ മനോഹരീ..., പച്ചത്തീയാണ് നീ... എന്നിവ അങ്ങനെ പിറന്നതാണ്.
ഹരിഹരനിൽ നിന്നും രാജമൗലിയിൽ എത്തിയ ഗാനയാത്രയിൽ ഒരു വലിയ യുഗമാണ് മങ്കൊന്പ് കടന്നുവന്നത്. എന്നാൽ എഴുപതുകളിലെ ആ ഗാനസൗന്ദര്യം തന്നെ രണ്ടായിരത്തിന്റെ പുതുപുത്തൻ വഴികളിലും മങ്കൊന്പ് കാത്തുസൂക്ഷിച്ചു. മനോഹരീ.., പച്ചത്തീയാണ് നീ... തുടങ്ങിയ ഗാനരംഗങ്ങളിൽ മങ്കൊന്പിന്റെ കവിഹൃദയമാണ് തുടിച്ചു നിന്നത്. പുതിയ കാലത്തെ കാമോദ്ദീപകമായ ഐറ്റം ഡാൻസുകൾക്കു വേണ്ടി എഴുതുന്പോഴും മങ്കൊന്പിന് സർഗസൗന്ദര്യസത്തയെ കൂടെനിർത്താൻ സാധിച്ചു.
ദക്ഷിണാമൂർത്തിയുടെ സംഗീതത്തിലും എംബിഎസിന്റെ സംഗീതത്തിലും ഗാനരചനയ്ക്ക് തുടക്കം കുറിച്ച മങ്കൊന്പ് കീരവാണിക്കൊപ്പവും അദ്ഭുതങ്ങൾ തീർത്തു. (ഡബ്ബിംഗ് ചിത്രങ്ങൾക്ക് അന്തസ് ഉണ്ടാക്കിയ ഗാനരചയിതാവും തിരക്കഥാകൃത്തും ആണ്). നാലു തലമുറകൾ മങ്കൊന്പിന്റെ ഗാനങ്ങൾ ആസ്വദിച്ചു എന്നു പറയുന്നതിൽ അതിശയോക്തി ഇല്ല. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ "കൂട്ടുകാരിയിൽ' തുടങ്ങുന്പോൾ ഉണ്ടായിരുന്ന ചെറുപ്പം തന്നെയായിരുന്നു ബാഹുബലിയിലും.
മലയാള ചലച്ചിത്രലോകത്ത് ഇത്തരത്തിൽ നിലനിന്ന മറ്റൊരു ഗാനരചയിതാവ് വേറെ ഇല്ലെന്നുതന്നെ പറയാം. എം.എസ്. വിശ്വനാഥനുമൊത്താണ് ഏറ്റവും കൂടുതൽ പാട്ടുകൾ മങ്കൊന്പ് ചെയ്തിട്ടുള്ളത്. നാടൻ പാട്ടിന്റെ മടിശീല കിലുങ്ങും..., ഇവിടമാണീശ്വര സന്നിധാനം... തുടങ്ങി അടിയന്തിരാവസ്ഥ കാലത്ത് രാഷ്ട്രീയക്കാർ ഇന്ദിരാഗാന്ധിക്കെതിരേ ആയുധമാക്കിയ "ത്രിശങ്കു സ്വർഗത്തെ തന്പുരാട്ടി..'വരെ എംഎസ്വി സംഗീതത്തിൽ പിറന്നതാണ്. പദങ്ങൾ കൊണ്ട് കസർത്തുകൾ തീർത്തു എന്ന് മങ്കൊന്പ് തന്നെ പറയുന്ന "നാണം കള്ളനാണം കണ്ണിൽ ബാണം കാമബാണം...'വരെ ഈ കൂട്ടുകെട്ടിൽ ഉണ്ട്.
നിരൂപണരംഗത്തു നിന്നുമാണ് മങ്കൊന്പ് ഗാനരചനയിലേക്ക് വന്നത്. കന്പാർട്മെന്റ് മാറിക്കയറിയതാണോ എന്ന് ജി. ദേവരാജൻ ഇതേപ്പറ്റി ചോദിച്ചിട്ടുണ്ട്. എന്നാൽ യാത്രയാകും വരെയും ഗാനലോകം തന്നെയായിരുന്നു മങ്കൊന്പിന്റെ ജീവൻ.
1974ൽ റിലീസായ അയലത്തെ സുന്ദരിയാണ് മങ്കൊന്പിനെ മലയാള സിനിമാലോകത്ത് അടയാളപ്പെടുത്തുന്നത്. "ലക്ഷാർച്ചന കണ്ട് മടങ്ങുന്പോൾ...,' "നീലമേഘക്കുട നിവർത്തി...,' "ചിത്രവർണ പുഷ്പജാലം ഒരുക്കി വച്ചു...,' "ത്രയംബകം വില്ലൊടിഞ്ഞു... ' തുടങ്ങിയ ഗാനങ്ങളെല്ലാം വലിയ ഹിറ്റുകളായി. വയലാറിന്റേതെന്നു പലരും ഇന്നും കരുതുന്ന "ലക്ഷാർച്ചന കണ്ടു മടങ്ങും...' എന്ന ഗാനം ആസ്വാദനത്തോടൊപ്പം ചെറിയ വിമർശനങ്ങളും നേരിട്ടിരുന്നു. "മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി...' മങ്കൊന്പ് മലയാള കാൽപ്പനിക പ്രണയലോകത്തിന് ആദ്യം സമ്മാനിച്ച സ്നേഹതീവ്രതയുടെ നഖക്ഷതം ആണ്. മല്ലികാർജുന ക്ഷേത്രത്തിൽ വച്ചവൾ മല്ലീശ്വരന്റെ പൂവന്പ് കൊണ്ടു...എന്നതിലെ മല്ലീശ്വരൻ വലിയ ചർച്ചയ്ക്ക് വിധേയമായിരുന്നു.
കാമദേവൻ മല്ലീശരൻ ആണെന്നും മല്ലീശ്വരൻ പരമശിവന്റെ പര്യായമാണെന്നും വാദമുയർന്നു. മുല്ലപ്പൂ കൊണ്ടുള്ള ശരമെറിയുന്നവനെ മല്ലീശരൻ എന്ന് മങ്കൊന്പ് എന്തുകൊണ്ട് എഴുതിയില്ല എന്ന് പലരും ചോദിച്ചു. 1977ൽ മങ്കൊന്പ് ഇതിന് മറുപടി പറഞ്ഞോ എന്നറിയില്ല. എന്നാൽ അടുത്ത കാലത്ത് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ താൻ മുല്ലപ്പൂവിന്റെ ഈശ്വരൻ എന്ന നിലയ്ക്കാണ് മല്ലീശ്വരൻ എന്ന് എഴുതിയതെന്ന് മങ്കൊന്പ് പറയുന്നത് കേട്ടു. സുജാത എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതുപോലെ സൂപ്പർ ഹിറ്റുകളാണ്. ഈ ചിത്രത്തിലെ "സ്വയംവരശുഭദിനമംഗളങ്ങൾ...' ആശാ ബോസ്ലെ എന്ന ഇതിഹാസം പാടിയ ഒരേയൊരു മലയാള ഗാനമാണ് എന്നതും ഓർമിക്കാം.