പുറത്തുവിട്ടത് തിയറ്റര്‍ കളക്ഷനുകള്‍; കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന
Tuesday, March 25, 2025 12:07 PM IST
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലെ മുതല്‍മുടക്കും വരുമാനവും സംബന്ധിച്ച കണക്കുകളില്‍ വ്യക്തത വരുത്തി നിര്‍മാതാക്കളുടെ സംഘടന. മുതല്‍മുടക്ക് സംബന്ധിച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ചിത്രത്തിലെ കണക്ക് സംബന്ധിച്ച് കുഞ്ചാക്കോ ബോബന് നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് നിര്‍മാതാക്കളുടെ മറുപടി എത്തിയത്.
നിര്‍മാതാക്കളും സംവിധായകരും പറഞ്ഞ നിര്‍മാണ ചെലവാണ് പുറത്തുവിട്ടത്. തിയേറ്ററുകളില്‍നിന്ന് കിട്ടിയ കളക്ഷനാണ് പുറത്തുവിട്ട കണക്കുകളില്‍ ഉള്ളത്. നിര്‍മാതാക്കളെ ബോധവല്‍ക്കരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. ഇതില്‍ താന്‍ അഭിനയിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ചിത്രത്തിന്റെ കണക്കുകള്‍ ശരിയല്ലെന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന് രംഗത്ത് എത്തിയിരുന്നു.
ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 13 കോടിയല്ലെന്നും അതില്‍ കൂടുതലാണെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു. തിരിച്ചു കിട്ടിയത് 11 കോടി അല്ല. നിര്‍മാതാക്കളുടെ കണക്ക് കൃത്യമല്ലെന്നും വ്യക്തതയില്ലെന്നും കണക്ക് പറയുന്നുണ്ടെങ്കില്‍ കൃത്യമായി പറയണമെന്നും കുഞ്ചാക്കോ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.