ലാലേട്ടന്റെ കാര്യം ഞാൻ ഏറ്റു; എന്പുരാൻ കാണാൻ കറുപ്പ് വസ്ത്രം ധരിച്ചെത്തുമെന്ന് പൃഥ്വിരാജ്
Tuesday, March 25, 2025 10:55 AM IST
എന്പുരാൻ റിലീസ് ദിവസം അണിയറപ്രവർത്തകരെല്ലാം തിയറ്ററിലെത്തുന്നത് കറുപ്പണിഞ്ഞ്. മാർച്ച് 27നാണ് എമ്പുരാൻ സിനിമയുടെ ഗ്രാൻഡ് റിലീസ്. അന്നേ ദിവസം കറുത്ത ഉടുപ്പ് അണിഞ്ഞ് സിനിമ കണ്ടാലോ എന്നാണ് ആശിർവാദ് സിനിമാസ് ചോദിച്ചിരിക്കുന്നത്.
എക്സിലെ ആശിർവാദിന്റെ അക്കൗണ്ടിലൂടെയാണ് ഇങ്ങനെയൊരു ആഹ്വാനം നടത്തിയിരിക്കുന്നത്. ഈ പോസ്റ്റ് പൃഥ്വിരാജ് റീ ഷെയർ ചെയ്തിട്ടുമുണ്ട്. മറുപടിയായി ‘ഞാൻ തയാർ. ലാലേട്ടന്റെ കാര്യവും ഞാൻ ഏറ്റു’ എന്നും പൃഥ്വി കുറിച്ചു.
സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലും മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ളവര്‍ കറുപ്പണിഞ്ഞാണ് എത്തിയത്. ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ മെഗാ സ്റ്റാർ മമ്മൂട്ടി വെളുത്ത വസ്ത്രം ധരിച്ചെത്തിയതും അന്ന് കൗതുകമായിരുന്നു.
മാര്‍ച്ച് 27ന് രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോ നടക്കുക. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സിനിമയുടെ നിരവധി ഫാന്‍സ് ഷോസ് നടക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 300ലേറെ ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന് ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട്. ലൂസിഫറിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റും ആണെന്നാണ് റിപ്പോർട്ട്.