അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം നേടിയത് 58 കോടി; എമ്പുരാൻ ഹിറ്റടിക്കുമെന്ന് ഉറപ്പ്
Monday, March 24, 2025 3:14 PM IST
ബോക്സ് ഓഫീസിൽ ഹിറ്റടിക്കാനുള്ള വരവാണ് എമ്പുരാന്റേതെന്ന് ഇപ്പോഴേ ഉറപ്പായിക്കഴിഞ്ഞു. അഡ്വാൻസ് ടിക്കറ്റ് വിറ്റഴിക്കലിലൂടെ മാത്രം ചിത്രം ആഗോള തലത്തിൽ നേടിയത് 58 കോടിയലധികം രൂപയാണ്.
സിനിമയുടെ ആദ്യ ആഴ്ചയിലെ വേൾഡ് വൈഡ് ഗ്രോസ് ആണിത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും വിദേശത്തും വലിയ പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറില് ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി എമ്പുരാൻ മാറിയിരുന്നു. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു ചരിത്ര റിക്കോർഡ് ആണ്.
വിജയ് നായകനായെത്തിയ ലിയോ, അല്ലു അർജുന്റെ പുഷ്പ 2 എന്നിവയുടെ റിക്കാർഡ് ആണ് എമ്പുരാൻ തകർത്തു കളഞ്ഞത്. മാർച്ച് 21 രാവിലെ ഒൻപത് മണിക്കാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്.
ചൂടപ്പം പോലെ ടിക്കറ്റുകൾ വിറ്റുപോയി എന്നു പറയുന്ന കാഴ്ചയ്ക്കാണ് രാവിലെ ഒൻപതുമുതൽ ബുക്ക്മൈ ഷോ സാക്ഷിയായത്. ഒരു നേരത്തേയ്ക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയുടെ സെർവർ പോലും നിശ്ചലമായിപ്പോയി. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്.
സകല കളക്ഷൻ റിക്കാർഡുകളും എമ്പുരാൻ തകർത്തെറിയുമെന്ന് ഇതോടെ ഏതാണ് ഉറപ്പായി കഴിഞ്ഞു. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു.