താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദിക്കുന്നു; പൃഥ്വിരാജിനോട് മാപ്പുപറഞ്ഞ് മൈത്രേയൻ
Monday, March 24, 2025 10:20 AM IST
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനോട് മാപ്പ് പറഞ്ഞ് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഒരഭിമുഖത്തിൽ പൃഥ്വിരാജിനെതിരെ മൈത്രേയൻ പറഞ്ഞ പ്രസ്താവന വലിയ വിവാദങ്ങൾക്കു വഴി വച്ചിരുന്നു. പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനിൽ വിശ്വാസമില്ലെന്നും അതുകൊണ്ട് ‘എമ്പുരാൻ’ സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയന്റെ പ്രസ്താവന.
മൈത്രേയന്റെ കുറിപ്പ്
ബഹുമാനപൂർവം പൃഥ്വിരാജിന്,
മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചർച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കൾ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്.
ഈ പോസ്റ്ററിൽ ഉള്ളവരി ഞാൻ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാൻ കാണുന്നതായിരിക്കും.