സിനിമ തീർന്നയുടനെ നിങ്ങൾ തിയറ്റർ വിടരുത്; പ്രേക്ഷകരോട് അഭ്യർഥനയുമായി പൃഥ്വിരാജ്
Saturday, March 22, 2025 10:38 AM IST
സിനിമ തീർന്നയുടനെ തിയറ്റർ വിട്ടുപോകരുതെന്ന് പ്രേക്ഷകരോട് അഭ്യർഥിച്ച് പൃഥ്വിരാജ്. ‘ലൂസിഫർ’ സിനിമ പോലെ എമ്പുരാനിലും എന്‍ഡ് സ്ക്രോൾ ടൈറ്റിൽ ഉണ്ടെന്നും സൂക്ഷ്മതയോടെ വായിച്ചിട്ടേ തിയറ്റർ വിടാവൂ എന്നും പൃഥ്വിരാജ് പറഞ്ഞു.
മോഹന്‍ലാലിനൊപ്പം ദ് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മൂന്നാം ഭാഗം പിന്നെയും നിങ്ങളെ പുതിയൊരു ലോകത്തേക്കാണ് കൊണ്ടുപോകുന്നത്. രണ്ടാം ഭാഗം കാണുമ്പോള്‍ അതു മനസിലാവും. എനിക്കൊരു അപേക്ഷയുണ്ട്. എമ്പുരാന്റെ എന്‍ഡ് സ്ക്രോൾ ടൈറ്റിൽസ് കാണണം. ലൂസിഫറിലേതുപോലെ ഇതിലും എൻഡ് സ്ക്രോൾ ടൈറ്റിൽ ഉണ്ട്.
അത് ശ്രദ്ധയോടെ വായിക്കണം. അതില്‍ വരുന്ന വാര്‍ത്തകളും വാചകങ്ങളും വായിക്കുക. അത് തീരുന്നതിനു മുമ്പ് തിയറ്റര്‍ വിടരുത്. ആ ആ ലോകം എങ്ങനെയാണ് എന്നതിന്റെ സൂചനയാവും അത്,’’–പൃഥ്വിരാജ് പറഞ്ഞു. മൂന്നാം ഭാഗം സംഭവിക്കുമോ എന്ന് അപ്പോള്‍ മാത്രമേ അറിയാനാവൂ എന്ന് മോഹന്‍ലാലും കൂട്ടിച്ചേര്‍ത്തു.
മാർച്ച് 27നാണ് ചിത്രം ആഗോളറിലീസായി തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ബുക്കിംഗ് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചിരുന്നു.
ചൂടപ്പം പോലെ ടിക്കറ്റുകൾ വിറ്റുപോയി എന്നു പറയുന്ന കാഴ്ചയ്ക്കാണ് രാവിലെ ഒൻപതുമുതൽ ബുക്ക്മൈ ഷോ സാക്ഷിയായത്. ഒരു നേരത്തേയ്ക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയുടെ സെർവർ പോലും നിശ്ചലമായിപ്പോയി. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്.
സകല കളക്ഷൻ റിക്കാർഡുകളും എമ്പുരാൻ തകർത്തെറിയുമെന്ന് ഇതോടെ ഏതാണ് ഉറപ്പായി കഴിഞ്ഞു. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു.