സിലബസിൽ ഇല്ലാത്ത ചോദ്യമാണല്ലോ; നിമിഷ് രവിയെക്കുറിച്ച് ചോദിച്ചപ്പോൾ സിന്ധു കൃഷ്ണയുടെ മറുപടി
Friday, March 21, 2025 3:10 PM IST
നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും യുട്യൂബറുമായ സിന്ധു കൃഷ്ണയെ എല്ലാവർക്കും സുപരിചിതമായ മുഖമാണ്. സമൂഹമാധ്യമത്തിൽ വളരെയധികം ആക്ടീവായ സിന്ധു കൃഷ്ണ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ക്യൂ ആൻ എ(ക്വസ്റ്റ്യൻ ആൻസർ)യിൽ ഛായഗ്രാഹകനും മകൾ അഹാനയുടെ ഉറ്റ സുഹൃത്തുമായ നിമിഷ് രവിയെക്കുറിച്ച് ഒരാൾ ചോദിച്ച ചോദ്യത്തിന് സിന്ധു നൽകിയ മറുപടിയാണ് ശ്രദ്ധേയം.
നിമിഷ് രവിയെക്കുറിച്ച് എന്തെങ്കിലും പറയൂ എന്നായിരുന്നു സിന്ധുവിന് വന്ന ചോദ്യങ്ങളിലൊന്ന്. ഔട്ട് ഓഫ് സിലബസ് ക്വസ്റ്റ്യനാണല്ലോ വന്നിരിക്കുന്നതെന്ന് ചോദിച്ചാണ് സിന്ധു കൃഷ്ണ ഇതിന് ഉത്തരം നൽകിത്തുടങ്ങിയത്. വളരെ നല്ല ഒരാളാണ് നിമിഷെന്നും 2016ലാണ് പരിചയപ്പെട്ടതെന്നും സിന്ധു പറയുന്നു. അടുത്തിരിക്കുന്ന മകൾ അഹാനയോട് ചോദിച്ചിട്ടാണ് നിമിഷിനെ പരിചയപ്പെട്ട വർഷം സിന്ധു ഓർത്തെടുക്കുന്നത്.

കരി എന്ന സംഗീത ആൽബം ചെയ്തപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. തന്റെ ജോലി ഏറ്റവും ആത്മാർത്ഥയോടെ ചെയ്യുന്നയാളാണ് നിമിഷെന്നും കാമറ ചെയ്യുന്നതിൽ അടിപൊളിയാണെന്നും അവനെയോർത്ത് അഭിമാനിക്കുന്നുവെന്നും സിന്ധു പറഞ്ഞു.
അഹാനയ്ക്ക് ലൂക്ക സിനിമ ലഭിച്ചത് നിമിഷ് വഴിയാണെന്നും ഏറ്റവും ഒടുവിൽ നിമിഷ് ഛായാഗ്രഹകനായ ലക്കി ഭാസ്കർ മികച്ച ചിത്രമാണെന്നും അവർ പറയുന്നു. തങ്ങളുടെ വീട്ടിലെ ഒരംഗം തന്നെയാണെന്നും പറഞ്ഞാണ് സിന്ധു ആ ചോദ്യത്തിന്റെ ഉത്തരം അവസാനിപ്പിക്കുന്നത്.
അതേസമയം സിന്ധു കൃഷ്ണയുടെ മകളും നടിയുമായ അഹാനയും നിമിഷ് രവിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ നിറഞ്ഞിരുന്നു. എന്നാൽ ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. നിമിഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെല്ലാം അഹാനയുടെ ചിത്രങ്ങളുമുണ്ട്.
ഇരുവരും ഒന്നിച്ച് ഹ്രസ്വ ചിത്രങ്ങളും മ്യൂസിക് വീഡിയോകളും ചെയ്തിട്ടുണ്ട്. അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു. റോഷാക്, കുറുപ്പ്, കിംഗ് ഓഫ് കൊത്ത, ലക്കി ഭാസ്കർ തുടങ്ങിയ സിനിമകളുടേയും കാമറ ചെയ്തതും നിമിഷാണ്.