സ്പ്ലെൻഡറിൽ എംഎച്ചിന്റെ കുപ്പിയുമായി ചീറിപ്പാഞ്ഞു പോകുന്ന ലാലേട്ടൻ; ഇത് നമ്മളിലൊരാണെന്ന് ആരാധകർ
Thursday, March 20, 2025 9:37 AM IST
സ്പ്ലെൻഡര്‍ ബൈക്കില്‍ ചീറിപായുന്ന ലാലേട്ടന്റെ പോസ്റ്ററാണ് ഇപ്പോൾ മറ്റൊരു ട്രെന്റിംഗ്. സർപ്രൈസായി എന്പുരാൻ ട്രെയിലർ എത്തിയ ആവേശത്തിലിരിക്കുന്ന ആരാധകരെ കോരിത്തരിപ്പിക്കുന്നതാണ് തരുൺ മൂർത്തിയുടെ തുടരും ചിത്രത്തിലെ ഈ പോസ്റ്റർ.
മൂന്നു മഹാപ്രതിഭകൾ എന്ന രീതിയിലാണ് ഈ പോസ്റ്റർ വൈറലാകുന്നത്. അതിലൊന്ന് മോഹൻലാലാണെങ്കിൽ രണ്ടാമത്തേത് സ്പ്ലെൻഡർ ബൈക്കാണ്. മൂന്നാമത്തേത് പുറകിലിരിക്കുന്ന ആളുടെ കൈയിലിരിക്കുന്ന എംഎച്ച് എന്ന മദ്യക്കുപ്പിയുമാണ്.
രസകരമായ കമന്റുകളാണ് പോസ്റ്ററിന് താഴെ നിറയുന്നത്. ആ പാഞ്ഞു പോകുന്നത് നമ്മുടെ ഖുറേഷി അബ്രാം അല്ലേയെന്നാണ് ഒരാളുടെ കമന്റ്. ഞായാറാഴ്ച ഒരെണ്ണം മേടിച്ചു അടിക്കാൻ പോകുമ്പോ ഉള്ള മലയാളികളുടെ പാച്ചിൽ ഇങ്ങനെ തന്നെയാണെന്ന് മറ്റൊരാളും പറയുന്നു. ഏതായാലും ഇനി മോഹൻലാലിന്റെ ദിവസങ്ങളാണെന്നാണ് ആരാധകപക്ഷം അഭിപ്രായപ്പെടുന്നത്.
പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു കഥാപാത്രവുമായി മോഹൻലാൽ എത്തുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ അവതരണം.
കെ.ആർ.സുനിലാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം. രഞ്ജിത്ത് ആണ്.