ന്യൂയോർക്കിൽ എമ്പുരാന്റെ ലോഞ്ചിംഗ് ആഘോഷമാക്കി മോഹൻലാൽ ഫാൻസ്
Tuesday, March 18, 2025 4:07 PM IST
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി യുഎസിൽ ഒരു മലയാള ചിത്രത്തിന്റെ ലോഞ്ചിംഗ് വിപുലമായ രീതിയിൽ ആഘോഷിക്കപ്പെട്ടു. എമ്പുരാൻ സിനിമയുടെ ലോഞ്ചിംഗാണ് ന്യൂ യോർക്കിലെ ടൈം സ്ക്വയറിൽ ആഘോഷിച്ചത്.
പതിനായിരത്തോളം വരുന്ന മോഹൻലാൽ ഫാൻസ് പങ്കെടുത്ത വിപുലമായ ചടങ്ങിൽ ഒരു ദിവസം മുഴുവൻ ഇവിടെ എമ്പുരാന്റെ ടീസർ ലൈവിൽ പ്രദർശിപ്പിച്ചു.

അറുപതോളം കലാകാരന്മാർ പങ്കെടുത്ത സംഗീത നൃത്ത പരിപാടികൾ അരങ്ങേറിക്കൊണ്ട് എമ്പുരാനെ ആരാധകർ വരവേറ്റത് ന്യൂയോർക്ക് നിവാസികൾക്ക് പുതുമയും കൗതുകവും നൽകി. സ്കീനിൽ തെളിയുന്ന മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ കാഴ്ച്ചക്കാർക്ക് ഏറെ കൗതുകമായിരുന്നു.

കേരളം കഴിഞ്ഞാൽ ഒരു മലയാള സിനിമയുടെ ഇത്തരം ചടങ്ങുകൾ നടക്കുക ദുബായിലാണ്. വലിയ ജനപങ്കാളിത്തത്തോടെ അമേരിക്കയിൽ ഇത്തരമൊരു ചടങ്ങ് നടത്തുകയെന്നത് വലിയ ശ്രമകരമായ ഒരു കാര്യമാണ്.
നീൽ വിൻസന്റാണ് ന്യൂയോർക്കിലെ ഈ ചടങ്ങിന്റെ കോ-ഓർഡിനേറ്റർ. യുഎസിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ആരാധകർ ഈ ആഘോഷപരിപാടി യിൽ പങ്കെടുക്കുകയുണ്ടായി. മാർച്ച് 27ന് പ്രദർശനത്തിനെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്രയും ഗംഭീരമായ രീതിയിൽ ഒരു ലോഞ്ചിംഗ് നടത്തിയിരിക്കുന്നത്.
ചടങ്ങിൽ മോഹൻലാൽ ഓൺലൈനിൽ പങ്കെടുത്തു കൊണ്ട് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ പൂനയിലാണ്. പിആർഒ- വാഴൂർ ജോസ്.