യു ഹാവ് എ മെസേജ്! ഒറ്റയടിക്ക് 45 കോടി കിട്ടിയ എൻപി ടിവിയുടെ സിഇഒ; നടൻ ജിജു ജോൺ പറയുന്നു
Tuesday, February 11, 2025 11:56 AM IST
എമ്പുരാന് സിനിമയിലെ 32ാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ജിജു ജോൺ അവതരിപ്പിക്കുന്ന സഞ്ജീവ് കുമാർ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് ഇന്നു പുറത്തുവിട്ടത്.
ലൂസിഫറിൽ സഞ്ജീവ് കുമാർ എന്ന കഥാപാത്രമായി അഭിനയിച്ച തനിക്ക് എമ്പുരാനിൽ വരുമ്പോൾ ചെറിയൊരു സ്ക്രീൻ സ്പേസ് മാത്രമാണുള്ളതെന്ന് ജിജു പറയുന്നു. എമ്പുരാനിൽ അഭിനയിച്ചതിലുപരി ചിത്രത്തിന്റെ അമേരിക്കൻ ഷെഡ്യൂളിന്റെ ലൈൻ പ്രൊഡ്യൂസർ ആകാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്നും ജിജു ജോൺ പറഞ്ഞു.
‘‘ലൂസിഫറിൽ ഞാൻ സഞ്ജീവ് എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. സ്റ്റീഫൻ നെടുമ്പള്ളി 45 കോടി കൊടുത്ത് വലിയൊരു പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയ എൻപി ടിവി ചാനലിന്റെ തലവനാണ് സഞ്ജീവ് എന്ന കഥാപാത്രം.
അദ്ദേഹത്തിന്റെ ഭാര്യയും എൻപി ടിവി ചാനലിന്റെ എഡിറ്ററായും അഭിനയിക്കുന്നത് നൈല ഉഷ ആണ്. ലോകമെമ്പാടുമുള്ള മലയാളികൾ വളരെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ഒരു പ്രോജക്റ്റ് ആണ് എമ്പുരാൻ. ഞാനും അതേ ആവേശത്തോടെയാണ് എമ്പുരാൻ റിലീസ് ചെയ്യാനായി കാത്തിരിക്കുന്നത്.
ലൂസിഫറിൽ നിന്ന് എമ്പുരാനിലേക്ക് എത്തുമ്പോൾ സ്ക്രീൻ സ്പേസ് വളരെ കുറവാണ് കാരണം സിനിമയുടെ കഥാഗതിയിൽ ആ കഥാപാത്രത്തിന് അത്രയും പ്രാധാന്യമേ ഉള്ളൂ. എന്നിരുന്നാലും ലൂസിഫർ സീരീസിന്റെ ഒരു ഭാഗമായി തുടരാൻ സാധിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.
എമ്പുരാൻ എന്ന സിനിമയിൽ ഒരു അഭിനേതാവ് എന്നതിൽ ഉപരി ഇതിന്റെ പ്രൊഡക്ഷനിൽ ഒരു ഭാഗമാകാൻ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. എമ്പുരാൻ സിനിമയുടെ അമേരിക്കൻ ഷെഡ്യൂൾ നടക്കുമ്പോൾ അതിന്റെ ലൈൻ പ്രൊഡ്യൂസറായി പ്രവർത്തിച്ചുകൊണ്ട് പ്രൊഡക്ഷൻ നിർവ്വഹിക്കുന്നതിന് എനിക്ക് അവസരം ലഭിച്ചു.
അതൊരു വലിയ നേട്ടമായി ഞാൻ കരുതുന്നു. നമ്മുടെ ഇൻഡസ്ട്രിയിൽ ഏറ്റവും മികച്ച പ്രതിഭകളായ മോഹൻലാൽ, മഞ്ജു, ടൊവിനോ തുടങ്ങിയ താരങ്ങൾ, ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സാങ്കേതിക പ്രവർത്തകർ, ഇതിന്റെയെല്ലാം തലപ്പത്ത് നിൽക്കുന്ന പൃഥ്വിരാജ് സുകുമാരൻ, ഇത്രയും ബ്രില്യന്റ് ആയ ആളുകളോടൊപ്പം സാങ്കേതികമായി ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു വലിയ കാര്യമാണ്. ഈ സിനിമയിലൂടെ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.
പൃഥ്വിരാജ് സുകുമാരനെപ്പറ്റി പറയുകയാണെങ്കിൽ നമ്മുടെ ഇൻഡസ്ട്രിയിൽ മാത്രമല്ല ഇന്ത്യൻ ഇൻഡസ്ട്രിയിൽ തന്നെ കഴിവ് തെളിയിച്ച ഒരു പ്രതിഭയാണ്, അദ്ദേഹം വളരെയധികം ബ്രില്യന്റ് ആയ ഒരു സംവിധായകൻ കൂടിയാണ്.
അദ്ദേഹത്തിന്റെ ഒരു പ്രവർത്തന രീതി ലൂസിഫർ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് അടുത്ത് കാണാൻ കഴിഞ്ഞിട്ടുണ്ട്. എമ്പുരാനിൽ വന്നപ്പോൾ ആ ഒരു പ്രോസസ് കാണാൻ മാത്രമല്ല അതിൽ ഒരു ഭാഗമാകാനും ഒരവസരം കിട്ടി. അത് എനിക്കൊരു വലിയ ഹൈലൈറ്റ് ആണ്.
അത് എമ്പുരാൻ എന്ന സിനിമയിൽ എനിക്കേറ്റവും വ്യക്തിപരമായി കിട്ടിയ നേട്ടമാണ്. മാർച്ച് 27 ന് എമ്പുരാൻ തിയറ്ററിലേക്ക് എത്തുകയാണ്. ലൂസിഫർ നിങ്ങൾ ഇഷ്ടപ്പെട്ടതുപോലെ, ഏറ്റെടുത്തതുപോലെ ഭാഷാഭേദമന്യേ എല്ലാ പ്രേക്ഷകരും എമ്പുരാൻ എന്ന സിനിമയും ഇഷ്ടപ്പെടുകയും ഏറ്റെടുക്കുകയും ചെയ്യും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. നിങ്ങൾ എല്ലാവർക്കും എമ്പുരാൻ ആഘോഷിക്കാൻ കഴിയട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രതീക്ഷിക്കുന്നു.’’ജിജു ജോൺ പറഞ്ഞു.