രശ്മികയെ ഒരു കിണർ വെട്ടി മൂടണം, ക്രിഞ്ച്; പ്രശംസയാണന്നോർത്ത് കണ്ണ് നിറഞ്ഞ് അല്ലു അർജുൻ; വീഡിയോ
Monday, February 10, 2025 10:13 AM IST
പുഷ്പ 2വിന്റെ വിജയാഘോഷവേളയിൽ അണിയറപ്രവർത്തകർക്കും സംഘാടകർക്കും സംഭവിച്ച് അബദ്ധത്തിന്റെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
റിലീസ് ചെയ്ത മറ്റെല്ലാ സ്ഥലങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമയ്ക്ക് കേരളത്തില്‍ നിന്നുമാത്രം ലഭിച്ചത് സമ്മിശ്ര പ്രതികരണമായിരുന്നു. പടം ഗംഭീരമാണെന്നായിരുന്നു മറ്റു സംസ്ഥാനങ്ങളിൽ നിന്നു അഭിപ്രായം ലഭിച്ചത്. എന്നാൽ കേരളത്തിലേയ്ക്കെത്തിയപ്പോൾ കളി മാറി. മോശം പ്രതികരണങ്ങളാണ് കേരളത്തിലെ പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.
സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിജയാഘോഷ വിഡിയോയിലും കേരളത്തിൽ നിന്നുള്ള തിയറ്റർ പ്രതികരണങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു.
‘ചിത്രം തിയേറ്റര്‍ കത്തിക്കുമെന്നും അല്ലെങ്കില്‍ ആളുകള്‍ കത്തിക്കുമെന്നും ഒരു പ്രേക്ഷന് പറയുമ്പോള്‍ ‘ക്രിഞ്ച് അഭിനയമാണ് രശ്മികയുടേത്, നടിയെ ഒരു കിണറ് വെട്ടി കുഴിച്ച് മൂടണം എന്നൊരു വിമർശനവും ഇതിൽ ഉൾപ്പെട്ടു. ഇത് ചിത്രത്തെ അഭിനന്ദിച്ചുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് വീഡിയോയിൽ ഉൾപ്പെടുത്തിയതെന്നാണ് സൈബറിടത്തെ കണ്ടെത്തല്‍.
വിജയാഘോഷത്തിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോയില്‍ ഓരോ സംസ്ഥാനത്ത് നിന്നുമുള്ള പ്രേക്ഷക പ്രതികരണങ്ങളുള്ള വിഡിയോ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങള്‍ കേട്ട് കേരളത്തിലെ പ്രേക്ഷക പ്രതികരണങ്ങളിലേക്ക് എത്തുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള മോശം പ്രതികരണങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.
ഈ വീഡിയോ കണ്ട് കണ്ണുനിറഞ്ഞ് അഭിമാനത്തോടെ ഇരിക്കുന്ന അല്ലു അർജുനെയും സംവിധായകൻ സുകുമാറിനെയും വീഡിയോയില്‍ കാണാം. ഉടൻ തന്നെ വിഡിയോ വൈറലാകുകയും ചെയ്തിട്ടുണ്ട്. നിരവധി ട്രോളുകളും ഇതിനോടകം വന്നുകഴിഞ്ഞു.
ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തിയത്. ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം 1800 കോടി രൂപയാണ് ആഗോള തലത്തിൽ വാരിയത്.