ഇന്നുള്ളവരിൽ "കൂളെസ്റ്റ് എവരിമാൻ ആക്ടറാ'ണ് ബേസിൽ; പ്രശംസയുമായി അനുരാഗ് കശ്യപ്
Friday, February 7, 2025 3:43 PM IST
പൊൻമാൻ ചിത്രത്തിലെ ബേസിൽ ജോസഫിന്റെ അഭിനയമികവിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്.
യഥാർഥവും രസകരവുമായ സിനിമയായിരുന്നു പൊന്മാനെന്നും ഇന്നുള്ളവരിൽ ബേസിലാണ് ഏറ്റവും മികച്ച ‘കൂളെസ്റ്റ് എവരിമാൻ ആക്ടർ’ എന്നും അനുരാഗ് കശ്യപ് കുറിച്ചു. ബേസിൽ ജോസഫും അനുരാഗ് കശ്യപിന് നന്ദി അറിയിച്ചിട്ടുണ്ട്.
ജി.ആർ. ഇന്ദുഗോപന്റെ തിരക്കഥയിൽ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത സിനിമ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്.
ജി.ആർ. ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ബേസിൽ ജോസഫിനൊപ്പം സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൽ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ.വി. കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി. അമ്പു, തങ്കം മോഹൻ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്.
2003ന് ശേഷമുള്ള കാലഘട്ടത്തിൽ കൊല്ലം ജില്ലയുടെ തീരദേശത്ത് നടന്ന ഒരു വിവാഹവും അതുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെടുകയും ചെയ്ത അജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്.