രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡചിത്രം; മഹേഷ് ബാബുവിന്റെ നായികയായി പ്രിയങ്ക ചോപ്ര
Saturday, January 18, 2025 10:36 AM IST
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഹേഷ് ബാബുവിന് നായികയായി എത്തുന്നത് പ്രിയങ്ക ചോപ്ര. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി നടി ഹൈദരാബാദിൽ എത്തിക്കഴിഞ്ഞു.
ആർആർആറിന് കിട്ടിയ ലോകശ്രദ്ധയ്ക്ക് പിന്നാലെ രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമേതെന്നുള്ള ആകാംക്ഷയിലായിരുന്നു സിനിമാ പ്രേമികൾ. ഇന്ത്യാന ജോൺസ് സീരീസിന്റെ ലൈനിലാണ് ചിത്രം ഒരുങ്ങുക.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ 800 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി നിർമാണ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് നിർമാതാവ് തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞിരുന്നു.
2026ലാണ് ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു പ്രതിഫലം വാങ്ങാതെയാണ് സിനിമ ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് എസ്എസ്എംബി 29ന് തിരക്കഥ ഒരുക്കുന്നത്.
ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം.എം. കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.