ജയിലർ 2വുമായി രജനികാന്തും നെൽസണും; മോഹൻലാൽ എത്തുമോ?
Wednesday, January 15, 2025 9:16 AM IST
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലറിന്റെ രണ്ടാം ഭാഗം വരുന്നു. നിർമാതാക്കളാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആരാധകർക്കുള്ള പൊങ്കൽ സമ്മാനമായാണ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ വിജയചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അനൗൺസ്മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കിയത്.
വിശ്രമത്തിനായി ഗോവയിലെത്തിയ നെൽസണും അനിരുദ്ധുമാണ് ടീസറിൽ ആദ്യം സംസാരിച്ചു തുടങ്ങുന്നത്. പുതിയ സിനിമയുടെ ചർച്ചയ്ക്കായെന്ന പോലെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വെടിയേറ്റും വെട്ടു കൊണ്ടും ഓടിയെത്തിയ വില്ലന്മാർക്ക് പിന്നാലെ മാസായി രജനി എത്തുന്നു.
കൈയിലൊരു ആയുധം പോലുമില്ലാതെ മാസ് കാണിച്ചു തിരിച്ചുപോകുന്ന രജനിയെ നോക്കി നിൽക്കുന്ന സംവിധായകനും സംഗീതസംവിധായകനും നിൽക്കുന്നിടത്ത് ടീസർ അവസാനിക്കുന്നു.
ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.