ഹണിയുടേത് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പബ്ലിസിറ്റി സ്റ്റണ്ടല്ല; വിശദീകരണവുമായി റേച്ചൽ ടീം
Saturday, January 11, 2025 11:29 AM IST
നടി ഹണി റോസും ബോബി ചെമ്മണ്ണൂരുമായുള്ള നിയമപോരാട്ടത്തിൽ ‘റേച്ചൽ’ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി നിര്‍മാതാക്കൾ. സിനിമയുടെ റിലീസ് നിലവിൽ തീരുമാനിച്ചിട്ടുപോലുമില്ലെന്നും ഹണി റോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും നിർമാതാവ് ബാദുഷ പറഞ്ഞു.
‘‘ഹണി റോസ് നായികയായ റേച്ചൽ എന്ന സിനിമയുടെ ടെക്നിക്കൽ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. സെൻസർ ചെയ്യുകയോ, അതിനായി അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. റിലീസിന് 15 ദിവസം മുൻപെങ്കിലും സെൻസർ ചെയ്യാൻ അപേക്ഷ സമർപ്പിക്കണം എന്നാണ് നിയമം.
ഹണി റോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവരുടെ വ്യക്തിപരമായ കാര്യമാണ്. സിനിമയുടെ റിലീസിന് അതുമായി ബന്ധമില്ല. സിനിമയേക്കുറിച്ചു പിന്നീട് അറിയിക്കുന്നതാണ്.’’ ബാദുഷ പറഞ്ഞു.
ജനുവരി പത്തിന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് റേച്ചൽ. ഇറച്ചിവെട്ടുകാരിയുടെ വേഷമാണ് ഹണി റോസ് ഈ സിനിമയിൽ കൈകാര്യം ചെയ്യുക. ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.