ഉണ്ണി മുകുന്ദന്റെ മാർക്കോ വെള്ളിയാഴ്ച തിയറ്ററുകളിൽ
Wednesday, December 18, 2024 3:07 PM IST
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന "മാർക്കോ' ഡിസംബർ 20ന് പ്രദർശനത്തിനെത്തുന്നു. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ഹൈടെക് മൂവിയായി ഇതിനകം തന്നെ ചലച്ചിത്ര മേഖലയിൽ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രം കൂടിയാണിത്. പൂർണമായും ആക്ഷൻ ത്രില്ലർ വയലൻസ് ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ഇന്ത്യൻ സ്ക്രീനിലെ മികച്ച ആക്ഷൻ കൊറിയോഗ്രാഫറായ കലൈ കിംഗ്സ്റ്റണാണ് ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒരു ചിത്രത്തിന്റെ മുഴുവൻ ആക്ഷൻ രംഗങ്ങളും കലൈകിംഗ്സ്റ്റൺ ഒരുക്കുന്നത് ഈ ചിത്രത്തിനു വേണ്ടിയാണ്.
ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെറീഫ് മുഹമ്മദാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമയിൽ പുതിയതായി രംഗപ്രവേശം ചെയ്തിരിക്കുന്ന ഒരു ചലച്ചിത്ര നിർമാണ സ്ഥാപനമാണ് ക്യൂബ്സ് എന്റർടൈൻമെന്റ്സ്.
ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി, ഇഷാൻ ഷൗക്കത്ത്, ഷാജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കെജിഎഫ്, സലാർ തുടങ്ങിയവൻ ചിത്രങ്ങൾക്ക് സംഗീതം പകർന്ന രവി ബ്രസൂറാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ഛായാഗ്രഹണം - ചന്ദ്രുനെൽവരാജ്. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. കലാസംവിധാനം - സുനിൽ ദാസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്. കോ - പ്രൊഡ്യൂസർ - അബ്ദുൾ ഗദ്ദാഫ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിനു മണമ്പൂർ. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. മൂന്നാർ കൊച്ചി, എഴുപുന്ന, ദുബായി എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആർഒ- വാഴൂർ ജോസ്.