ഭഗത് എബ്രിഡ് ഷൈൻ നായകൻ; കലാഭവൻ പ്രജോദ് സംവിധാനം
Wednesday, December 18, 2024 1:13 PM IST
എബ്രിഡ് ഷൈന്റെ മകൻ ഭഗത് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം പ്രേമപ്രാന്തിന്റെ ടൈറ്റിൽ പുറത്തിറക്കി. 2014-ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം 1983 -ലൂടെ ബാലതാരമായാണ് ഭഗത് സിനിമയിലെത്തിയത്. ചിത്രത്തിൽ നിവിന്റെ മകന്റെ വേഷമാണ് ഭഗത് കൈകാര്യം ചെയ്തത്.
നിവിൻ പോളി അവതരിപ്പിക്കുന്ന പ്രേമപ്രാന്ത് എന്ന ചിത്രം നടൻ കലാഭവൻ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. എബ്രിഡ് ഷൈൻ ആണ് രചന. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഇഷാൻ ചാബ്രയാണ്.
സൗബിൻ നായകനായെത്തിയ "മ്യാവൂ' എന്ന ലാൽ ജോസ് ചിത്രത്തിലും ഭഗത് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിലെ നായികയുടെയും മറ്റ് അഭിനേതാക്കളുടെയും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മിമിക്രിയിലൂടെ സിനിമയിൽ എത്തിയ കലാഭവൻ പ്രജോദിന്റെ ആദ്യ ചിത്രം 2002-ൽ പുറത്തിറങ്ങിയ മീശ മാധവനായിരുന്നു. ജീത്തു ജോസഫ് ആദ്യമായി സംവിധാനം ചെയ്ത "ഡിറ്റക്ടീവ്' എന്ന ചിത്രത്തിലെ കൊലയാളിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി സിനിമകളിലും ടിവി ഷോകളിലും പ്രജോദിന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ടായിരുന്നു.