‘ഒരാളെ മാത്രം എങ്ങനെ കുറ്റം പറയാനാകും’? അല്ലു അർജുന് പിന്തുണയുമായി താരങ്ങൾ
Saturday, December 14, 2024 8:40 AM IST
അല്ലു അർജുന് പിന്തുണയുമായി സഹപ്രവർത്തകർ. നാനിയും അദിവി ശേഷും സന്ദീപ് കിഷനും അല്ലുവിന് അനുകൂലമായി കുറിപ്പുകളുമായി രംഗത്തെത്തി. ചിരഞ്ജീവി, റാണ ദഗുബാട്ടി തുടങ്ങിയ താരങ്ങൾ അല്ലുവിന്റെ വീട്ടിലെത്തി കുടുംബത്തെ കണ്ടു.
സിനിമയിൽ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ട എന്തിനും ഏതിനും സർക്കാർ അധികാരികളും മാധ്യമങ്ങളും കാണിക്കുന്ന ആവേശം സാധാരണ പൗരന്മാർക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു എന്നാണ് നാനി പറഞ്ഞത്. ദുരന്തത്തിൽ നിന്നും പാഠം ഉൾക്കൊള്ളുകയാണ് നല്ല സമൂഹത്തിന്റെ ലക്ഷണം എന്നും നാനി കൂട്ടിച്ചേർത്തു.
""ആ തിയേറ്ററിൽ സംഭവിച്ചത് ഭയാനകവും ദൗർഭാഗ്യകരവുമാണ്. ഒരു അമ്മയ്ക്ക് ജീവൻ നഷ്ടപ്പെട്ടു.എന്നാൽ ഇന്ന്അല്ലു അർജുൻ ഗാരുവിനെതിരെ സംഭവിച്ചത് അങ്ങേയറ്റം പരുഷമാണ്'' എന്നായിരുന്നു അദിവി ശേഷ് കുറിച്ചത്.
""സിനിമയിൽ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ട എന്തിനും ഏതിനും സർക്കാർ അധികാരികളും മാധ്യമങ്ങളും കാണിക്കുന്ന ആവേശം സാധാരണ പൗരന്മാർക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
നമ്മൾ ഒരു നല്ല സമൂഹത്തിൽ ജീവിക്കുമായിരുന്നു. അതൊരു നിർഭാഗ്യകരമായ സംഭവമായിരുന്നു, അത് ഹൃദയഭേദകമായിരുന്നു. ദുരന്തത്തിൽ നിന്ന് നമ്മൾ എല്ലാവരും പഠിക്കുകയും ഇവിടെ കൂടുതൽ ശ്രദ്ധാലുവായിരിക്കുകയും ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അവതരിപ്പിക്കുകയും വേണം. ഇവിടെ നമ്മൾ എല്ലാവരും തെറ്റുകാരാണ്. ഒരാളിൽ മാത്രം കുറ്റം ആരോപിക്കാൻ പറ്റില്ല''. നാനി കുറിച്ചു.
""ജനസംഖ്യയിലും ആഘോഷ സമ്മേളനങ്ങളിലും ബാഹുല്യമുള്ള ഒരു രാജ്യത്ത്, വളരെ നിർഭാഗ്യകരമായ സംഭവത്തിന് ഒരു മനുഷ്യനെ മാത്രം എങ്ങനെ ഉത്തരവാദിയാക്കാനാകും. ഇതിൽ നിന്ന് നമ്മൾ പഠിക്കുകയും, കുറ്റപ്പെടുത്തുന്നതിനേക്കാൾ ഇത് വീണ്ടും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം.'' സന്ദീപ് കിഷൻ ഇങ്ങനെ കുറിച്ചു.