അതിനാൽ മലയാള സിനിമയിൽ വിലക്ക് നേരിട്ടു; അവസരങ്ങൾ കുറഞ്ഞതിന് പിന്നിലെ കാരണം പറഞ്ഞ് ഷംന
Wednesday, October 30, 2024 10:59 AM IST
മലയാളസിനിമയിൽ വിലക്ക് നേരിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഷംന കാസിം. നൃത്ത പരിപാടികളുടെ പേരിലാണ് മലയാള സിനിമയിൽ തനിക്ക് വിലക്ക് നേരിട്ടതെന്നും വലിയ ഒരു സിനിമയിൽ അവസരം നഷ്ടപ്പെട്ടെന്നും നടി പറഞ്ഞു.
ദുബായിൽ പുതിയതായി ആരംഭിച്ച ഷംന കാസിം ഡാൻസ് സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ചില സിനിമകളുടെ കരാർ രൂപപ്പെടുത്തുമ്പോൾ തന്നെ രണ്ടു മാസമെങ്കിലും സ്റ്റേജ് ഷോകൾ പാടില്ലെന്നു നിബന്ധന വയ്ക്കാറുണ്ട്. ഇത്തരം നിർദേശങ്ങൾ തള്ളിക്കളഞ്ഞതാവാം തനിക്ക് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനു കാരണമെന്നും ഷംന പറഞ്ഞു.
വിവാഹ ശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോൾ മലയാളത്തിൽ അവസരമില്ല. അന്ന് അവർ പറയുന്നതു കേട്ട് നൃത്തം വേണ്ടെന്നു വച്ചിരുന്നെങ്കിൽ ഇന്ന് സിനിമയും നൃത്തവും ഉണ്ടാവില്ലായിരുന്നു എന്നും ഷംന കൂട്ടിച്ചേർത്തു.
ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ നൃത്തം, ബോളിവുഡ് ഡാൻസ്, ഫിറ്റ്നസ് ഡാൻസ് എന്നിവയാണ് ഷംനയുടെ ഡാൻസ് സ്റ്റുഡിയോയിൽ പരിശീലിപ്പിക്കുന്നത്.
മഹേഷ് ബാബു നായകനായെത്തിയ ഗുണ്ടൂർ കാരം എന്ന ചിത്രത്തിലെ ഷംനയുടെ ഡാൻസും വൈറലായി മാറിയിരുന്നു.