അപകടമുണ്ടായപ്പോൾ അച്ഛനൊപ്പമുണ്ടായിരുന്നത് ഞാനല്ല: നിഷേധിച്ച് ബൈജുവിന്റെ മകൾ
Monday, October 14, 2024 12:47 PM IST
നടൻ ബൈജു സന്തോഷിന്റെ കാറപകടവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ താരത്തിന്റെ മകൾ ഐശ്വര്യ സന്തോഷ്. അപകടമുണ്ടായ സമയത്ത് അച്ഛനൊപ്പമുണ്ടായിരുന്നത് താനല്ലെന്നും അച്ഛന്റെ കസിന്റെ മകളായിരുന്നെന്നും ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണെന്നും ഐശ്വര്യ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
"എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാർത്തകളിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെന്നു എല്ലാവരും പറയുന്ന വ്യക്തി ഞാനല്ല. അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാൻ ഇതൊരു സ്റ്റോറിയായി പോസ്റ്റ് ചെയ്യുന്നു.' ഐശ്വര്യ സന്തോഷിന്റെ വാക്കുകള്.
ഞായറാഴ്ച അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാർ, സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലും ഇടിക്കുന്നത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കൺട്രോൾ റൂമിലെ പോലീസുകാരാണ് ബൈജുവിനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ചത്.
മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പോലീസ് പറയുന്നു. മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. സ്കൂട്ടർ യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.