ആന്റണി പെപ്പെയുടെ ദാവീദ്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
Friday, October 11, 2024 6:06 PM IST
യുവതാരം ആന്റണി പെപ്പെ നായകനാകുന്ന "ദാവീദ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. താരത്തിന്റെ ജന്മദിനമായ ഇന്നാണ് ഫസ്റ്റ് ലുക്ക് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ആഷിഖ് അബു എന്ന ബോക്സറുടെ വേഷത്തിലാണ് പെപ്പെ ചിത്രത്തിൽ എത്തുന്നത്.
ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ദാവീദ് ഒരു പോരാളിയുടെ കഥ, ആഷിഖ് അബുവിന്റെ ലോകത്തേക്ക് സ്വാഗതം, ഓരോ സംഘട്ടനവും കലയാണ്, അതു ചെയ്യുന്നവർ കലാകാരനും എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് പെപ്പെ കുറിച്ചത്.
ബോക്സർ വേഷം ചെയ്യാൻ പ്രത്യേക തയാറെടുപ്പുകൾ നടത്തിയാണ് പെപ്പെ കഥാപാത്രത്തിന് ജീവൻ നൽകിയത്. സംവിധായകനൊപ്പം ദീപു രാജീവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ജോൺ ആന്റ് മേരി പ്രൊഡക്ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ, സെഞ്ച്വറി മാക്സ്, പനോരമ സ്റ്റുഡിയോസ്, ടോം ജോസഫ്, എബി എബ്രഹാം എന്നിവരാണ് നിർമാതാക്കൾ. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.