ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു; എന്നാലും യാത്ര തുടരുന്നുവെന്ന് സലിംകുമാർ
Thursday, October 10, 2024 3:07 PM IST
തന്റെ 55-ാം പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിൽ വ്യത്യസ്തമായ കുറിപ്പുമായി നടൻ സലിംകുമാർ. ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞുവെന്നും അസ്തമയം വളരെ അകലെയല്ലെന്നുമാണ് കുറിപ്പിൽ താരം വ്യക്തമാക്കിയിരിക്കുന്നത്.
അനാരോഗ്യം കാരണം സലിംകുമാർ കുറച്ചുകാലമായി സിനിമയിൽ നിന്നും സ്റ്റേജ് പ്രോഗ്രാമുകളിൽ നിന്നും മാറിനിൽക്കുകയാണ്. തന്റെ ശാരീരികാവസ്ഥയെക്കുറിച്ച് മുൻപും താരം തുറന്നുപറച്ചിൽ നടത്തിയിട്ടുമുണ്ട്.
തന്റെ രോഗാവസ്ഥയെക്കുറിച്ചും ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ചും നർമരൂപത്തിൽ പൊതുവേദികളിൽ സംസാരിച്ച് ശ്രദ്ധനേടിയ താരമാണ് സലിംകുമാർ. നടൻ ഇന്നസെന്റ് മരിച്ചപ്പോൾ നടത്തിയ പ്രതികരണത്തിൽ താനും പിന്നാലെയുണ്ടെന്നാണ് താരം പറഞ്ഞത്.
സലിംകുമാറിന്റെ കുറിപ്പ്
ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55-ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്ക് എത്രകാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല. എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം.
സ്നേഹപൂർവ്വം
നിങ്ങളുടെ സലിംകുമാർ