മുസ്തഫയെ വിവാഹം കഴിച്ചതുകൊണ്ട് ഞങ്ങളുടെ കുട്ടികൾ കുട്ടികൾ തീവ്രവാദികളാകുമെന്ന് പറഞ്ഞവരുണ്ട്: പ്രിയാമണി
Monday, October 7, 2024 10:47 AM IST
മുസ്തഫയെ വിവാഹം കഴിച്ചതിന്റെ പേരിൽ ഇപ്പോഴും തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങൾ ഉണ്ടാകാറുണ്ടെന്ന് വെളിപ്പെടുത്തി നടി പ്രിയാമണി. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചപ്പോൾ വെറുപ്പുളവാക്കുന്ന കമന്റുകളായിരുന്നു വന്നതെന്ന് നടി ഓർത്തെടുക്കുന്നു.
നിങ്ങളുടെ കുട്ടികൾ തീവ്രവാദികളാകാൻ പോകുന്നു എന്ന് പറഞ്ഞ് ആളുകൾ തനിക്ക് മെസേജ് അയയ്ക്കുകയായിരുന്നു. അതെന്റെ ജീവിതത്തെ വല്ലാതെ ബാധിച്ചിരുന്നുവെന്നും പ്രിയാമണി പറയുന്നു.
അടുത്തിടെ ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെച്ചൊല്ലിയുണ്ടായ ട്രോളുകളിലും നടി പ്രതികരിച്ചു. ഇത് നിരാശാജനകമാണ്. എന്തിനാണ് ഇതര മതവിഭാഗങ്ങളിൽ ഉള്ളവരെ ഇവർ ലക്ഷ്യമിടുന്നത്.
ജാതിക്കും മതത്തിനും പുറത്ത് നിന്ന് വിവാഹം കഴിച്ച നിരവധി മുൻനിര താരങ്ങളുണ്ട്. അവർ ആ മതം ഉൾക്കൊള്ളുകയോ സ്വീകരിക്കുകയോ ചെയ്യണമെന്നില്ല. മതം നോക്കാതെ ഒരാളുമായി പ്രണയത്തിലായി. എന്തുകൊണ്ടാണ് ഇതിന് ചുറ്റും ഇത്രയധികം വിദ്വേഷം നിറയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.
ഈദിന് പോസ്റ്റ് ചെയ്ത ചിത്രം കണ്ട് പലരും ഞാൻ മതം മാറിയോ എന്ന് കമന്റ് ചെയ്തിരുന്നു. ഞാൻ മതം മാറിയോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? വിവാഹത്തിന് മുമ്പ് മതം മാറില്ലെന്ന് മുസ്തഫയെ അറിയിച്ചിരുന്നു. എന്റെ തീരുമാനമാണ്. ഞാൻ ജനിച്ചത് ഹിന്ദുവായാണ്, എപ്പോഴും എന്റെ വിശ്വാസം പിന്തുടരും. പ്രിയാമണി പറഞ്ഞു.
2017-ലാണ് നടി പ്രിയാ മണിയും ഇവന്റ് മാനേജരായ മുസ്തഫ രാജും വിവാഹിതരായത്. ഐപിഎല്‍ ടൂര്ണമെന്റനിടെയാണ് ഇരുവരും അടുപ്പത്തിലായത്.