ലൈംഗികാതിക്രമം നടത്തിയെന്ന പരാതി: ബാലചന്ദ്രമേനോനെതിരേ കേസെടുത്തു
Tuesday, October 1, 2024 2:42 PM IST
ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നടനും ചലച്ചിത്ര സംവിധായകനുമായ ബാലചന്ദ്രമേനോനെതിരേ കന്റോൺമെന്റ് പോലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഐപിസി 354, 509, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 2007 ജനുവരിയിൽ ഷൂട്ടിംഗ് വേളയിൽ സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടൽ മുറിയിൽവച്ചു തന്നെ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തുകയും ലൈംഗിക ചേഷ്ട കാണിച്ചെന്നുമാണ് നടി പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
അതേസമയം നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകൻ ഫോണിൽ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി ബാലചന്ദ്ര മേനോൻ ഡിജിപിക്ക് നേരത്തേ പരാതി നൽകിയിരുന്നു. ഫോൺ വിവരങ്ങളടക്കം സമർപ്പിച്ചാണു ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.