കൊട്ടും കുരവയും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ: മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി
Wednesday, September 18, 2024 4:20 PM IST
പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. വിവാഹ വാർത്ത സീമ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. നിശാന്താണ് വരൻ.
കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ ഔദ്യോഗികമായി വിവാഹം കഴിച്ചു. എന്നാണ് സീമ സമൂഹമാധ്യമത്തിൽ കുറിച്ചത്. വിവാഹം റജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ കൈയിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രത്തിനൊപ്പം സീമ കുറിച്ചു.
ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു കൊണ്ട് സീമ പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. തുടർന്ന് സീമ ഈ കുറിപ്പ് പിൻവലിക്കുകയും ചെയ്തു. ചേർത്തുനിർത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ലെന്നായിരുന്നു നിശാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സീമ പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.
സീമയ്ക്കും നിശാന്തിനും ആശംസകളുമായി നിരവധി പേരും എത്തി. കഴിഞ്ഞ ഏപ്രിലിലായിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹനിശ്ചയം.