മുറപ്പെണ്ണിലൂടെ മലയാളസിനിമയുടെ പടിവാതിൽ കടന്നെത്തിയ എംടി; മലയാളത്തിന്റെ മഹാഭാഗ്യം!
Wednesday, December 25, 2024 10:44 PM IST
മലയാളസിനിമയുടെ പടിവാതിക്കലിലേയ്ക്ക് മുറപ്പെണ്ണുമായി കടന്നുവന്ന എം.ടി. വാസുദേവൻ നായർ വിട പറഞ്ഞിരിക്കുന്നു. കാലം കാത്തുവച്ച കണക്കേ മലയാളത്തിന് സമ്മാനിച്ച നിരവധി സിനിമകൾ. ചലച്ചിത്രാസ്വാദകരുടെ മനസും കാഴ്ചപ്പാടും മാറ്റിമറിക്കാൻ എംടി എന്ന ഈ തൂലികയ്ക്കായി.
എം.ടിയെ മലയാള സിനിമയിലേക്കു കൈപിടിച്ചു കയറ്റിയതു സുഹൃത്തായ ശോഭനാ പരമേശ്വരൻ നായരായിരുന്നു. 1965ലായിരുന്നു മലയാളസിനിമയുടെ പൂമുഖത്തേക്ക് എം.ടിയെത്തിയത്. ആ രംഗപ്രവേശം പിന്നീടു മലയാള സിനിമയുടെ പുണ്യവും ഐശ്വര്യവുമായി മാറി.
സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ച് എം.ടി. തന്നെ എഴുതിയിട്ടുണ്ട്. ‘‘ഞങ്ങളൊക്കെ പരമു എന്നു വിളിക്കുന്ന ശോഭനാ പരമേശ്വരൻ നായരുടെ സ്നേഹപൂർണമായ നിർബന്ധം ഒന്നു കൊണ്ടുമാത്രമാണ് ഞാൻ മുറപ്പെണ്ണിന്റെ തിരക്കഥ എഴുതിയത്. സിനിമയുടെ ലോകവുമായി ഞാൻ ബന്ധപ്പെടുന്നത് ഈ തിരക്കഥ കാരണമാണ്. എന്റെ സ്നേഹത്തിന്റെ മുഖങ്ങൾ എന്ന കഥ സിനിമയാക്കണമെന്നു പരമു താൽപര്യം പ്രകടിപ്പിച്ചു.
എന്റെ ഒരു കഥ സിനിമയാകാൻ പോകുന്നുവെന്ന് ആലോചിച്ചപ്പോൾ ഒട്ടും ആവേശം തോന്നിയില്ല. സിനിമയെക്കുറിച്ച് ചർച്ച ചെയ്യാൻ പരമു കോഴിക്കോട്ടു വന്നപ്പോഴും നിസംഗതയായിരുന്നു എന്റെ പ്രതികരണം.
കഥ താൽപര്യമാണെങ്കിൽ എടുത്തോളൂ, സിനിമയാക്കിക്കോളൂ എന്നു പറഞ്ഞു. തോപ്പിൽ ഭാസിയെ കൊണ്ട് തിരക്കഥ എഴുതിക്കാനുള്ള നിർദേശവും ഞാൻ മുന്നോട്ടു വച്ചു. സിനിമയെന്ന മേഖലയോട് താൽപര്യം വന്നു തുടങ്ങിയിരുന്നില്ല. പരമു 15 ദിവസം കോഴിക്കോട്ട് തങ്ങി തിരക്കഥയെഴുതാൻ എന്നെ നിർബന്ധിച്ചു.
ആ ചെറുകഥ ഒരു സിനിമാക്കഥയുടെ രൂപത്തിൽ എങ്ങനെയാക്കണം എന്നതായിരുന്നു ഞങ്ങളുടെ ചർച്ച. അതിന്റെ ഭാഗമായി ചില കുറിപ്പുകളൊക്കെ ഉണ്ടാക്കി. പിന്നീട് 15 ദിവസം അവധിയെടുത്തു മദ്രാസിൽ പോയാണ് തിരക്കഥ പൂർത്തിയാക്കിയത്.
അവിടെ പോണ്ടി ബസാറിനടുത്തു മാമ്പലത്തെ ഉദയാ ലോഡ്ജിലിരുന്നായിരുന്നു എഴുത്ത്. ചിറയിൻകീഴുകാരനായ ശോഭന പരമേശ്വരൻനായരും പ്രേംനസീറും ഒപ്പം പഠിച്ചവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. അതിന്റെ പേരിൽ നസീർ ഈ സിനിമയിൽ നായകനാകാമെന്നു സമ്മതിച്ചു. ഈ സിനിമയോടെ നസീർ എന്റെ ഉറ്റസുഹൃത്തായി മാറി’’. മുറപ്പെണ്ണ് സംഭവിച്ചതിനെക്കുറിച്ച് എം.ടി പറഞ്ഞതിങ്ങനെ.
വിൻസന്റിന്റെ സംവിധാന മികവിലാണ് ചിത്രം പുറത്തിറങ്ങിയത്. നസീറും മധുവും ഉമ്മറുമാണ് അഭിനയിച്ചത്. എസ്.എസ്.രാജൻ സംവിധാനം ചെയ്ത പകൽക്കിനാവാണ് എം.ടി. യുടെ രണ്ടാമത്തെ തിരക്കഥ.
ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, ഓളവും തീരവും, മാപ്പുസാക്ഷി, കുട്ട്യേടത്തി തുടങ്ങിയ എം.ടിയുടെ ആദ്യകാല തിരക്കഥകളെല്ലാം എടുത്തുപറയേണ്ടത് തന്നെയാണ്.
1973 ൽ പി.ജെ. ആന്റണിയെ നായകനാക്കി നിർമാല്യത്തിലൂടെ എം.ടി. സംവിധായകനായി. ആദ്യ ചിത്രത്തിൽ തന്നെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡും എം.ടി. നേടി. ചിത്രത്തിലെ നായകനായ പി.ജെ. ആന്റണിക്കു ഭരത് അവാർഡും ലഭിച്ചു.
ഐ.വി. ശശിക്കും ഹരിഹരനും വേണ്ടി സൂപ്പർ ഹിറ്റുകൾക്കു തിരക്കഥ എഴുതി. ഇടവേളകളിൽ ബന്ധനം, ദേവലോകം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ സിനിമകൾ സംവിധാനവും ചെയ്തു. 11 തവണ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡും നാലു തവണ ദേശീയ അവാർഡും നേടിയിട്ടുള്ള എം.ടിയുടെ ഈ അപൂർവ റെക്കോർഡ് ഇന്നും തകർക്കപ്പെട്ടിട്ടില്ല.
ഐ.വി. ശശിക്കും ഹരിഹരനും വേണ്ടിയാണ് എംടി ഏറ്റവുമധികം തിരക്കഥകൾ എഴുതിയിട്ടുള്ളത്. ഇരുവർക്കും വേണ്ടി 11 വീതം തിരക്കഥകൾ. തൃഷ്ണ,ആരൂഢം, അക്ഷരങ്ങൾ,അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ,അനുബന്ധം, രംഗം, ഇടനിലങ്ങൾ, ഉയരങ്ങളിൽ, അഭയംതേടി, മിഥ്യ എന്നിവയാണ് ഐ.വി. ശശി എംടി യുടെ തിരക്കഥയിൽ ചെയ്ത സിനിമകൾ. ഹരിഹരനു വേണ്ടി ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, വളർത്തു മൃഗങ്ങൾ, നഖക്ഷതങ്ങൾ, പഞ്ചാഗ്നി, അമൃതംഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശിരാജ, ഏഴാമത്തെ വരവ് എന്നീ സിനിമകൾക്കും തിരക്കഥ രചിച്ചു.
ഭരതനുവേണ്ടി എഴുതിയ വൈശാലി, താഴ്വാരം എന്നീ തിരക്കഥകളും അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ, ക്യാമറമാൻ വേണു സംവിധാനം ചെയ്ത ദയ, പ്രതാപ്പോത്തൻ സംവിധായകനായ ഋതുഭേദം, പവിത്രന്റെ ഉത്തരം , സിബിമലയിൽ സംവിധാനം ചെയ്ത സദയം, ഹരികുമാർ സംവിധാനം ചെയ്ത സുകൃതം എന്നീ സിനിമകളുടെ തിരക്കഥകളും എംടി യുടെ തൂലികയിൽ പിറന്നവയാണ്.
മലയാളത്തിൽ എല്ലാ കാലത്തും തിരക്കഥാകൃത്തുക്കൾ നിർമാതാക്കളെയും സംവിധായകരെയും തേടി പോകുമ്പോൾ എംടിയുടെ തിരക്കഥ ലഭിക്കാൻ കൊട്ടാരം റോഡിലെ ‘സിത്താര’യിലേക്ക് എന്നും സംവിധായകരുടെ ഒഴുക്കാണ്.
പുതിയ തലമുറയിലെ സംവിധായകരിൽ ലാൽജോസിനു മാത്രമാണ് എംടി തിരക്കഥ നൽകിയത്. നീലത്താമരയുടെ പുതുക്കിയ തിരക്കഥയായിരുന്നു അത്. ‘ഉയരങ്ങളിൽ’ റീമേക്ക് ചെയ്യാനുള്ള അവകാശം സംവിധായകൻ ജോമോനും എംടി നൽകിയിരുന്നു. എം.ടി. യുടെ തിരക്കഥയിൽ ഒരു സിനിമ ചെയ്യുകായെന്നതാണ് തന്റെ ഏറ്റവും വലിയ മോഹമെന്ന് പ്രിയദർശനും പലകുറി പറഞ്ഞിട്ടുണ്ട്.