തിരക്കഥാ ലോകത്തെ വടക്കൻ വീരഗാഥ
Wednesday, December 25, 2024 10:51 PM IST
എം.ടി. വാസുദേവൻ നായരിലെ കഥാകാരൻ പലപ്പോഴും കാഴ്ചക്കാരനാണ്. എം.ടി. കഥകളിൽ പലതിലും ഇത്തരത്തിൽ നിരവധി കാഴ്ചക്കാരെ കാണാനാവും. കിളിവാതിലിലൂടെ നോക്കാൻ ഇഷ്ടപ്പെടുന്ന കഥാകാരന് കാഴ്ച്ച ഒരുപക്ഷേ ഒബ്സഷനാവാം.
മലയാള സാഹിത്യത്തിൽ സ്വപ്നങ്ങളുടെ നൂറുമേനി കൊയ്ത ഈ കുടല്ലൂക്കാരൻ തിരക്കഥാ രചനയിലും പൊന്നുകൊയ്തത് അതുകൊണ്ടാവാം. എം.ടിയുടെ കഥകൾ പോലെതന്നെ എം.ടി സിനിമകളും മലയാളിക്ക് ഒരു നൊസ്റ്റാൾജിയയാണ്.
എം.ടിയുടെ തിരക്കഥകൾക്കുവേണ്ടി നമ്മുടെ സംവിധായകർ തപസുചെയ്യുകയാണ്. സൂപ്പർ താരങ്ങൾക്കും എം.ടിയുടെ നായകകഥാപാത്രങ്ങൾ സ്വപ്നമാണ്. എം.ടിയുടെ തിരക്കഥയുടെ പുസ്തകരൂപങ്ങൾ പോലും വൻതോതിൽ വിറ്റഴിയുന്നു.
ഓളവും തീരവും മുതൽ സുകൃതം വരെ എം.ടി തിരക്കഥയെഴുതിയ ചിത്രങ്ങൾ ഒന്നുപോലും ശരാശരിക്കു പിന്നോക്കം പോയിട്ടില്ല.
ആൾക്കൂട്ടത്തിൽ തനിയെ, ഉയരങ്ങളിൽ, ഓപ്പോൾ, ആരൂഢം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ പെരുന്തച്ചൻ, വൈശാലി, ഒരു വടക്കൻ വീരഗാഥ, സദയം തുടങ്ങിയ ചിത്രങ്ങളെല്ലാംതന്നെ വ്യത്യസ്ത സംവിധാക രായിട്ടും ജനപ്രീതിയിലും നിലവാരത്തിലും ശരാശരി മലയാള സിനിമയിൽ നിന്നു പലപടി മുന്നിലായിരുന്നു.
എം.ടി. ഹരിഹരൻ ടീമിന്റേതായി ഏറ്റവും ഒടുവിൽ വന്ന പരിണയം ദേശീയപുരസ്കാരം നേടി. ഉണ്ണിമായ എന്ന വിധവയുടെ കണ്ണീര് പ്രേക്ഷകഹൃദയത്തിൽ വീണു ചുട്ടുപൊള്ളി. എം.ടിയുടെ കഥാപാത്രങ്ങളുടെ അറിഞ്ഞ് ആവിഷ്കരിക്കുന്ന ഹരിഹരൻ ഉണ്ണിമായയെ മലയാള മനസിന്റെ നൊമ്പരമായി വളർത്തി.