മട്ടാഞ്ചേരി മാഫിയ സംഘപരിവാർ നൽകിയ ലേബൽ; എന്റെ സെറ്റിൽ ലഹരി പ്രോത്സാഹിപ്പിക്കാറില്ല: ആഷിഖ് അബു
Friday, September 6, 2024 12:38 PM IST
തന്റെ സെറ്റുകളിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കില്ലെന്ന് സംവിധായകനും നിർമാതാവുമായ ആഷിഖ് അബു. മട്ടാഞ്ചേരി മാഫിയ എന്നത് സംഘപരിവാർ ചാർത്തിയ ലേബലാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ഇടതു വിരുദ്ധനാണെന്നും ആഷിഖ് പറഞ്ഞു.
മട്ടാഞ്ചേരി മാഫിയ എന്നത് സംഘപരിവാർ ചാർത്തിയ ലേബലാണ്. സിഎഎ വിരുദ്ധ സമരത്തിൽ അനുകൂല നിലപാട് എടുത്തതിനാലാണ് തനിക്കെതിരായ ആരോപണം വന്നത്. മദ്യം ഉപയോഗിക്കുന്നവർ പോലും സിനിമ നിർമാണത്തിന് തടസമാണ്. സിനിമയോട് സ്നേഹമുള്ള എല്ലാവർക്കും സിനിമ മാത്രമാണ് വലുത്.
അച്ചടക്കമുള്ളതുകൊണ്ടാണ് സിനിമയിൽ എവിടെയെങ്കിലും എത്തിയത്. എനിക്കോ റീമയ്ക്കോ, ഞങ്ങളുടെ കൂട്ടുകാരായിട്ടുള്ളവർക്കോ സ്ഥിരമായി നേരിടേണ്ടി വരാറുള്ള ആരോപണങ്ങൾ ആണിത്. അതിനെ നിയമപരമായി നേരിടാനാണ് തീരുമാനം.
ബി.ഉണ്ണികൃഷ്ണൻ ഇടതുവിരുദ്ധനാണ്. അദ്ദേഹത്തെ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. എന്റെ സുഹൃത്താണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രവർത്തികളിൽ നിന്നുമാണ് ബി.ഉണ്ണികൃഷ്ണൻ ഇടതുവിരുദ്ധനാണ് എന്ന് ഞാൻ മനസിലാക്കുന്നത്. ആഷിഖ് അബു പറഞ്ഞു.