ഗൂഢാലോചന അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകി നിവിന്‍ പോളി
Friday, September 6, 2024 11:29 AM IST
തനിക്കെതിരായ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി നടന് നിവിന്‍ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്.
തനിക്കെതിരായ യുവതിയുടെ പീഡന പരാതി വ്യാജമാണ്. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടന് വ്യക്തമാക്കി. തന്റെ കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ഇ-മെയില്‍ മുഖേനയാണ് നിവിൻ പരാതി നല്‍കിയത്.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ദുബായിൽ വച്ച് നിവിൻ പോളി ഉൾപ്പടെയുള്ളവർ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ ആരോപിച്ചിരുന്നത്.
എന്നാൽ പരാതി വ്യാജമാണെന്ന് വ്യക്തമാക്കി വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. പരാതിയിൽ പറഞ്ഞ ദിവസങ്ങളിൽ നിവിന്‍ പോളി തന്റെ കൂടെ ഉണ്ടായിരുന്നു. അതിന് തെളിവുണ്ടെന്നും വിനീത് പറഞ്ഞു.
2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു. 15ന് പുലര്‍ച്ചെ മൂന്നു വരെ നിവിന്‍ തന്നോടൊപ്പം എറണാകുളത്ത് ഉണ്ടായിരുന്നു. ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും സത്യം ഉടൻ തെളിയണമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.