വ്യാജപീഡന പരാതികൾ ഭയപ്പെടുത്തുന്നുവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
Friday, September 6, 2024 10:41 AM IST
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയുള്ള സാഹചര്യം മുതലെടുത്ത് വ്യാജ പീഡന പരാതികൾ ഉയർന്നു വരുന്നത് ഭയപ്പെടുത്തുന്നുവെന്ന് നിർമാതാക്കളുടെ സംഘടന. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും ശിപാർശകളുടെയും ഉദ്ദേശ്യശുദ്ധിയെക്കൂടി അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ ചില സംഭവവികാസങ്ങളെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടാവണമെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം സിനിമയിലെ ലൈംഗികപീഡന പരാതികൾ സമർഥരായ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ടെന്നു പറഞ്ഞ അസോസിയേഷൻ, ആരോപണ വിധേയരായവർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും പറഞ്ഞു.
എന്നാൽ സാഹചര്യം മുതലെടുത്ത് ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാം എന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് സിനിമാ മേഖലയെ മാത്രമല്ല, സമൂഹത്തെത്തന്നെയും ബാധിക്കുമെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.
പരാതികളുടെ മറവിൽ, ഭീഷണിപ്പെടുത്തി ഉദ്ദേശ്യം നടത്തിയെടുക്കുന്നതിനുള്ള കളമൊരുക്കുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ്. വ്യക്തിവൈരാഗ്യം തീർക്കാനും പ്രതിച്ഛായ തകർക്കാനുമായി ഇപ്പോഴത്തെ പോലീസ് അന്വേഷണത്തെ ഉപയോഗപ്പെടുത്തുന്നു എന്നത് സർക്കാർ ഗൗരവമായി കാണണം.
നിർമാതാവ് ആന്റോ ജോസഫാണ് അസോസിയേഷന്റെ പ്രസിഡന്റ്. സിയാദ് കോക്കർ, ജി. സുരേഷ് കുമാർ, ബി. രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് മറ്റു ഭാരവാഹികൾ.