യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
Wednesday, November 14, 2018 3:38 PM IST
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രികതയാൽ അനുവാചകരെ ഭ്രമിപ്പിക്കുന്നയാൾ. ആ താളവിസ്മയങ്ങളിൽ കൈവിരലുകൾക്കൊപ്പം അയാളുടെ ശരീരവും തബലയുടെ ഓരോ ഭാഗമായി മാറും. മെലിഞ്ഞ ശരീരവും നീണ്ട മുടിയും കൊന്പൻ മീശയുമുള്ള ആ ശരീരം കലയുടെ അഗാധതലത്തിലേക്ക് ആഴ്ന്നിറങ്ങും. ലഹരിയുടെ യവനിക അയാളുടെ ശരീരത്തിലേക്കു പടർന്നിറങ്ങുന്പോൾ കലയുടെ സ്വർഗഭൂമിയിൽനിന്നും ഒരു മൃഗം കണക്കെ അയാൾ മദിച്ചു നടക്കും. ഒടുവിൽ ഇരയും വേട്ടക്കാരനും മാറിമറഞ്ഞപ്പോൾ യവനികയ്ക്കു പിന്നിൽ താളം പിടിച്ച അയ്യപ്പനും ദുരന്തപൂർണമായി കാലത്തിന്റെ യവനികയ്ക്കു പിന്നിലേക്കെടുത്തെറിയപ്പെട്ടു.
മൂന്നരപ്പതിറ്റാണ്ടോളമായി തബലിസ്റ്റ് അയ്യപ്പനും ദുരൂഹമായ അയാളുടെ തിരോധാനവുമൊക്കെ മലയാളികളുടെ കാഴ്ചാസ്വാദനത്തിൽ ഒരു വൻമരം പോലെ നിൽക്കുകയാണ്. അന്നു മുതൽ പ്രേക്ഷകർ അയ്യപ്പനെ വെറുത്തു. അതേ സമയം സിനിമ പ്രേമികളും മലയാളികളും അയ്യപ്പനെ അനശ്വരമാക്കിയ ഭരത് ഗോപിയെന്ന നടനെ സ്നേഹിക്കുകയായിരുന്നു. അനശ്വര സംവിധായകൻ കെ.ജി. ജോർജ് തൊടുത്തുവിട്ട യവനിക എന്ന അന്പ് ഭരത് ഗോപിയുടെ നടന തിലകത്താലാണ് പ്രേക്ഷക ഹൃദയങ്ങളിൽ തറച്ചത്.
അന്നും ഇന്നും അയ്യപ്പനെ പകർന്നെഴുതാൻ മറ്റൊരു തിരശീലയ്ക്കും കഴിയാതെ പോകുന്നതും ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയ ഭരത് ഗോപിയുടെ പ്രകടനത്താലാണ്. യവനിക ഹിന്ദിയിലും മറ്റു ഭാഷകളിലൊക്കെയായി റീമേക്കു ചെയ്യാൻ ശ്രമിച്ചിട്ടും പലരും പരാജിതരാകുന്നത് അയ്യപ്പനായുള്ള ഭരത് ഗോപിയുടെ പകർന്നാട്ടത്തിനു പകരം വെക്കാൻ മറ്റൊരാളെ ഉൗതിക്കാച്ചിയെടുക്കാൻ കഴിയാത്തത്തിനാലാണ്.
പ്രക്ഷുബ്ധവും വ്യതിരിക്തവുമായി നിൽക്കുന്ന ഒരു കലാകാരന്റെ വൈകാരിക തലം നിർവചിക്കുന്നത് സങ്കീർണമാണ്. മദിച്ചു നടക്കുന്ന ഒരു ഒറ്റയാനാണയാൾ. സാമൂഹ്യ ചുറ്റുപാടിൽ നിന്നൊക്കെ ഒറ്റപ്പെട്ട് അവരുടെ വെറുപ്പും വിദ്വേഷവും ഏറ്റുവാങ്ങി ഒരു ഭ്രാന്തനെപ്പോലെ അയാൾ ഉഴറി നടക്കും. അവിടെയും തന്നിൽ സന്നിവേശിച്ചിരിക്കുന്ന കലയെ ഒൗന്നിത്യത്തിലെത്തിക്കുന്നതിൽ അയാളുടെ വ്യഗ്രത സദാ മത്സരിച്ചുകൊണ്ടേരിക്കും. ഒരു വൃത്തികെട്ടവനായി, സ്ഥാന ചലനം സംഭവിച്ച മനസുമായി, വൈകൃതങ്ങളുടെ ആകെത്തുകയായി അയാൾ മാറും. അയ്യപ്പൻ അതിനു മകുടോദാഹരണമാണ്. ഒരു ക്രിമിനൽ സ്വഭാവംവരെ അയാളിലുണ്ട്. അതെല്ലാം അനുഭവിച്ചറിഞ്ഞവർ അയാളുടെ ജീവൻ കവർന്നെടുത്തപ്പോൾ നീതിദേവത ആർക്കു നേരെയാണ് കണ്ണടയ്ക്കേണ്ടത്? ഉത്തരം കിട്ടാത്ത ശീലുകളും ശീലങ്ങളും തേർന്ന ഒരു പ്രഹേളികയായിരുന്നു തബലിസ്റ്റ് അയ്യപ്പൻ.
ഭാവനാ സ്റ്റുഡിയോയുടെ നാടകങ്ങളിലെ തബലിസ്റ്റാണ് അയ്യപ്പൻ. നാടകം കളിക്കുന്ന ഒരു ദിവസം അയാൾക്കായി എല്ലാവരും കാത്തിരുന്നു. നാടക മുതലാളി വക്കച്ചനും പ്രധാന നടൻ കൊല്ലംപള്ളിയും ബാലഗോപാലനും വരുണനും അയ്യപ്പനൊപ്പം താമസിക്കുന്ന രോഹിണിയുമൊക്കെ. മദ്യപിച്ചു നടക്കുന്ന അയ്യപ്പൻ നാടകം കളിക്കുന്നിടത്തേക്കു നേരിട്ടെത്തുമെന്നു കരുതി. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞിട്ടും അയ്യപ്പനെ കാണാതാകുന്നതോടെയാണ് ഡിവൈഎസ്പി ഈരാളിയിലേക്കു മാൻ മിസിംഗ് കേസ് എത്തുന്നത്.
അയ്യപ്പൻ ഷാപ്പിൽവെച്ച് ബാലഗോപാലനുമായി വഴക്കിട്ടതും രോഹിണിയുടെ ആഭരണങ്ങൾ വിറ്റു കാശു നേടിയതും ഇടയ്ക്കു മറ്റു സ്ത്രീകളോടൊപ്പം ജീവിക്കുന്നതുമൊക്കെ കണ്ടെത്തുന്നുവെങ്കിലും അയ്യപ്പനെ മാത്രം പോലീസിനു കിട്ടുന്നില്ല.
ഒരു മാസത്തിനു ശേഷം അയ്യപ്പന്റെ വീടിനും നാടകക്യാന്പിനുമിടയിലുള്ള കലുങ്കിനടിയിൽ നിന്നും ജീർണിച്ച അയ്യപ്പന്റെ ശവശരീരം കിട്ടുന്നതോടെയാണ് അതൊരു മർഡർ കേസായി മാറുന്നത്. പിന്നീട് അയ്യപ്പനു സംഭവിച്ച മൃഗീയ കൊലപാതകത്തിന്റെ ചുരുളഴിക്കുകയാണ് ജേക്കബ് ഈരാളി. പ്രധാന നടൻ കൊല്ലംപള്ളി കുറ്റം ഏറ്റെടുക്കുന്നുവെങ്കിലും സത്യത്തിലേക്കു വിദഗ്ധമായി ഈരാളി എത്തി. രോഹിണി അയാളുടെ ഭാര്യ അല്ലെങ്കിലും അയ്യപ്പൻ അവളുടെ നിസഹായത മുതലെടുക്കുകയായിരുന്നു. അയാളുടെ കഴുകൻ കണ്ണുകൾ തന്റെ സഹോദരിമാരിലേക്കു നീളുന്പോൾ അതെത്തിക്കുന്ന കലഹത്തിന്റെ അവസാനമാണ് പൊട്ടിയ കുപ്പികൊണ്ടു രോഹിണി അയാളുടെ ജിവൻ കവരുന്നത്.
അയ്യപ്പനോടൊപ്പം യവനികയും കൾട്ട് എന്ന തലത്തിലേക്കുയർന്നു നിൽക്കുകയാണ്. എല്ലാ അർത്ഥത്തിലും മലയാള സിനിമയുടെ നാഴികക്കല്ലായി യവനിക മാറി. കാലമെത്ര പിന്നിടുന്പോഴും തബലിസ്റ്റ് അയ്യപ്പൻ വിരാജിക്കുകയാണ് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ.
തയാറാക്കിയത്: അനൂപ് ശങ്കർ