ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
Wednesday, November 14, 2018 2:05 PM IST
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്. സന്തോഷവും സന്താപവും വേദനയും നൊന്പരവുമൊക്കെ നൽകി മലയാളികളുടെ മനസിനെ ത്രസിപ്പിച്ച അനശ്വര കഥാപാത്രങ്ങൾ. എന്നാൽ ഒരുകാലത്തു ചിരിപ്പിച്ചു കടന്നു പോയി, ഇന്ന് ആക്ഷേപഹാസ്യത്തിന്റെ വർത്തമാന രൂപമായ ദശമൂലം ദാമു എന്ന ഗുണ്ടാ കഥാപാത്രത്തെ മലയാളികൾക്കു മറക്കാനാകില്ല. "എന്റെ ശിവനേ...’ എന്നു നിലവിളിച്ചുകൊണ്ട് അബദ്ധങ്ങൾ മാത്രം ചെയ്യുന്ന ദാമുവിനുള്ള സ്വീകാര്യത ബിഗ്സ്ക്രീനിൽ നിന്നും അഞ്ചിഞ്ചു നീളമുള്ള മൈക്രോ സ്ക്രീനിലാണ്. അവിടെ ട്രോളന്മാരുടെ മുടിചൂടാ മന്നനാണ് ദശമൂലം ദാമു.
2009-ൽ ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ചട്ടന്പിനാടിലെ കഥാപാത്രമായിരുന്നു ദശമൂലം ദാമു. നായകന്റെ നല്ലവനായ കൂട്ടുകാരനോ നന്മയുടെ പ്രതീകമായ കഥാപാത്രമോ ഒന്നുമല്ല ദാമു. ചെന്പട്ട്നാട് എന്ന പേര് ചട്ടന്പിനാടായി പരണമിച്ച ഗ്രാമത്തിലെ കവലച്ചട്ടന്പിയാണ് അയാൾ. തന്റെ കൊലക്കേസിന്റെ ശിക്ഷയും കഴിഞ്ഞ് ബസിറങ്ങി തിരികെ നാട്ടിലേക്കെത്തുന്ന ദാമുവിനെയാണ് പ്രേക്ഷകർ ആദ്യമായി കാണുന്നത്. കൊന്പൻ മീശയും പറ്റെവെട്ടിയ മുടിയും അണ്ടർവെയർ കാണിച്ച് മടക്കിക്കുത്തിയ കൈലിയും അരയിലൊരു കത്തിയും. വൈദ്യരുടെ കടയിൽ നിന്നും ഒരു ഒൗണ്സ് ദശമൂല അരിഷ്ടവും കുടിച്ച് കൊലക്കേസിൽ തനിക്കെതിരെ സാക്ഷി പറഞ്ഞ സുരേഷിനെ വീട്ടിൽ കയറി തല്ലാൻ പോവുകയാണ് ദാമു.
എന്നാൽ അതു കൊലക്കേസല്ലെന്നും, വാഴക്കുല മോഷ്ടിച്ച കേസാണെന്നും അയാൾ തന്നെ പറയുന്പോഴാണ് നമ്മളും സത്യം അറിയുന്നത്. സുരേഷിനു പകരം പുതിയ എസ്.ഐ ആ വീട്ടിൽ താമസമാക്കിയത് ദാമു അറിഞ്ഞിരുന്നില്ല. പിന്നെ പറയേണ്ടതില്ലല്ലോ? കണക്കിനു കിട്ടി. അതൊരു തുടക്കം മാത്രമായിരുന്നു. വീണ്ടും നിറയെ കിട്ടുന്നതിനുള്ള തുടക്കം.
പാത്രാവിഷ്കാരത്തിൽ ഞെട്ടിക്കുന്ന പ്രകടനം ഒരുക്കി സംസ്ഥാന- ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഏറെ ജനകീയമായ കഥാപാത്രമാണ് ഈ ദശമൂലം ദാമു. കോമഡി ട്രാക്കിൽ ആക്ഷൻ ചേർത്തൊരുക്കിയ ചട്ടന്പിനാടിനെ പ്രേക്ഷകരുടെ ശ്രദ്ധ മാറിപ്പോകാത്ത വിധം മുന്നോട്ടു കൊണ്ടുപോകുന്നത് ദശമൂലത്തിന്റെ സാന്നിധ്യമാണ്. ആദ്യമധ്യാന്തം പൊട്ടിച്ചിരി സമ്മാനിച്ചാണ് സുരാജ് ദശമൂലമായി പകർന്നാടുന്നത്.
രാഷ്ട്രീയ- സാംസ്കാരിക- ഭരണ സംവിധാനം മുതൽ സാധാരണക്കാരന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും ഇന്നു വാർത്തയാക്കുന്നതിലും ജനശ്രദ്ധ നേടിക്കൊടുക്കുന്നതിലും സമൂഹമാധ്യമങ്ങളിലെ ട്രോളുകളുടെ പങ്ക് നിർണായകമാണ്. അവിടെയാണ് ദശമൂലം ദാമുവിന്റെ ഓരോ ചലനവും സംഭാഷണങ്ങളും ആംഗ്യപ്രകടനവുമെല്ലാം ഇടം പിടിക്കുന്നത്. ഒരു പക്ഷേ, ഈ കഥാപാത്രത്തെ കാണുന്പോൾ ചട്ടന്പിനാട് എന്ന ചിത്രത്തിനേക്കാൾ ഓരോ മലയാളിയും ഓർക്കുന്നത് ട്രോളു ചെയ്ത ഓരോ വിഷയങ്ങളായിരിക്കും. ഈ സ്വീകാര്യത കൊണ്ടുതന്നെ സംവിധായകൻ ഷാഫി ദശമൂലം ദാമുവിനെ നായകനാക്കി ഒരു പുതിയ സിനിമതന്നെ ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.
കടുത്ത നിർവികാരതയാണ് ദാമുവിന്റെ മുഖത്തെ സ്ഥായീഭാവം. ദശമൂലം ദാമു എന്ന പേരു തനിക്കു കിട്ടിയതിനു പിന്നിലെ കഥയെപ്പറ്റിയും അയാൾ വീരസ്യം വിളന്പാറുണ്ട്. ""തല്ലിനു പോകും മുന്പ് ദശാമൂലാരിഷ്ടം കഴിക്കുന്നതുകൊണ്ട് ചിലർ അങ്ങനെ വിളിക്കും. ഒരുത്തനെ വെട്ടിയരിഞ്ഞ് അവന്റെ ദശമുഴുവൻ ഒരു മൂലയ്ക്കിട്ടതുകൊണ്ടാണെന്നു മറ്റു ചിലർ’’. ചോര കണ്ട് അറപ്പു മാറിയവനാണെന്നും താൻ വലിയ ചട്ടന്പിയും അതിബുദ്ധിമാനുമാണെന്നു മറ്റുള്ളവരുടെ മുന്പിൽ കാണിക്കാൻ ശ്രമിക്കുന്പോഴും ഒരു പേടിത്തൊണ്ടനും മണ്ടനുമായ ഗുണ്ടയാണ് താനെന്ന് അയാൾ തന്നെ തെളിയിക്കുന്നുണ്ട്. നാട്ടുകാരെ വിറപ്പിച്ച ദശമൂലം ദാമുവിൽ നിന്നും ജോലി ചെയ്തു ജീവിക്കുന്ന സാധാരണക്കാരൻ ദാമുവിന്റെ പരിവർത്തനത്തിന്റെ സംഭവ ബഹുലമായ ജീവിതമാണ് ചിത്രത്തിലൂടെ രണ്ടര മണിക്കൂറിൽ പ്രേക്ഷകർക്കു മുന്നിലെത്തിയത്.
മുതലാളി നാഗേന്ദ്രന്റെ ശത്രുവായ മല്ലയ്യയെ ഒതുക്കാൻ ദാമു പല അടവുകളും ചെയ്യുന്നുണ്ട്. പല വിദ്യകൾ പ്രയോഗിച്ചതിനൊടുവിൽ അയാൾ മറ്റൊരു ഉപായം കണ്ടെത്തുന്നു. നാഗേന്ദ്രന്റെ കയ്യിൽ നിന്നും തല്ലുവാങ്ങി മല്ലയ്യയുടെ പക്ഷം ചേരുന്നതായി അഭിനയിച്ചു. പക്ഷേ, അവിടെയും സ്വീകരണം തല്ലുകൊണ്ടായിരുന്നു എന്നു മാത്രം. മല്ലയ്യയുടെ രഹസ്യങ്ങൾ ചോർത്തുകയായിരുന്നു ലക്ഷ്യം. ദാമുവും ശരിക്കും മല്ലയ്യയുടെ ആളായി മാറുകയാണ്. കഥാന്ത്യത്തിൽ ചട്ടന്പിമാരൊന്നുമില്ലാത്ത ചെന്പട്ട്നാട് എന്ന ആ ഗ്രാമത്തിൽ ദാമു ജോലി ചെയ്തു ജീവിക്കുന്നതായാണ് കാണുന്നത്; മണ്ടത്തരം കൈവിടാതെതന്നെ!
തയാറാക്കിയത്: അനൂപ് ശങ്കർ