ജനനായകൻ കൃഷ്ണകുമാർ
Monday, September 3, 2018 2:41 PM IST
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമഡിയാണ് ഈ നടന്റെ തട്ടകമെങ്കിലും ആക്ഷനും ത്രില്ലറും സെന്റിമെൻസുമെല്ലാം അവിടെ സുരക്ഷിതമാണ്. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൻ പല സുനാമികൾ നേരിട്ടെങ്കിലും പ്രേക്ഷകർക്കു ജനപ്രിയ താരമായി ഈ നടൻ നിൽക്കുന്നതും അതുകൊണ്ടാണ്. ദിലീപിന്റെ ഏറെ ഹിറ്റായ കഥാപാത്രങ്ങളിലൊന്നാണ് ആഭ്യന്തര മന്ത്രി ബി. കൃഷ്ണകുമാർ. ഒരു സിംഹത്തിന്റെ ഗർജനം പോലെ അനീതിക്കെതിരെ എന്നും ആഞ്ഞടിക്കുന്ന കൃഷ്ണകുമാർ.
ജോഷിയുടെ സംവിധാനത്തിൽ 2006-ലെത്തിയ പൊളിറ്റിക്കൽ ത്രില്ലറായിരുന്നു ലയണ്‍. യുവ രാഷ്ട്രീയ നേതാവായി പ്രവ ർത്തിച്ചുതുടങ്ങി പിന്നീട് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി മാറുന്ന കൃഷ്ണകുമാർ എന്ന വ്യക്തിയുടെ ഭരണ ജീവിതത്തിലൂടെയും വ്യക്തി ജീവിതത്തിലൂടെയുമാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഉദയകൃഷ്ണ-സിബി കെ. തോമസിന്റെ തിരക്കഥയിലെത്തിയ ചിത്രത്തിന്റെ വിജയ ഘടകം കൃഷ്ണകുമാറായുള്ള ദിലീപിന്റെ പകർന്നാട്ടമാണ്. വലിയ താരനിര ഒപ്പമുണ്ടായിരുന്നെങ്കിലും തന്റെ തോളിൽ ചിത്രം കൊണ്ടു പോയി വിജയിപ്പിക്കാൻ ദിലീപിനു സാധിച്ചിട്ടുണ്ട്. റണ്‍വേ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തിരക്കഥാകൃത്തുക്കളും സംവിധായകനും നായകനും വീണ്ടും ഒന്നിച്ച ഈ ചിത്രവും ബ്ലോക്ബസ്റ്ററായിരുന്നു. ദിലീപിന്റെ ആദ്യ രാഷ്ട്രീയക്കാരനായുള്ള വേഷമായിരുന്നു ഈ ചിത്രത്തിലെ കൃഷ്ണകുമാർ.
സമീപകാലത്തെ തിയറ്ററിൽ വലിയ വിജയം നേടിയ രാമലീലയിലും ദിലീപ് രാഷ്ട്രീയക്കാരനായിരുന്നു. ഒരു പൊളിറ്റിക്കൽ കഥയോ, രാഷ്ട്രസംഹിതയുടെ പൊളിച്ചെഴുത്തലോ ആകാതെ പ്രേക്ഷകരെ വിനോദിപ്പിക്കുക എന്നതായിരുന്നു ചിത്രത്തിന്റെ ലക്ഷ്യം. ദീലീപിന്റെ കരിയറിലും ഏറെ നാഴികക്കല്ലായ ചിത്രമായി ലയണ്‍ മാറി.
വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന സ്വന്തം അച്ഛന്റെ പ്രവർത്തനങ്ങളെ എ തിർക്കുന്ന യുവജന നേതാവാണ് കൃഷ്ണകുമാർ. ബാലഗംഗാധര മേനോനു നേരെ ശബ്ദമുയർത്തുന്നതുകൊണ്ട് കുടുംബത്തിൽ അമ്മയ്ക്കും അനുജത്തിയുമൊഴിച്ച് എല്ലാവരുടേയും കണ്ണിലെ കരടാണ് അവൻ. ഒരിക്കൽ വഴിതടയിലിനിടയിലാണ് ശാരിക എന്ന അധ്യാപികയെ കൃഷ്ണകുമാർ കണ്ടുമുട്ടുന്നത്. അതു തന്റെ കളിക്കൂട്ടുകാരിയായ ശാരിയാണെന്നു പിന്നീടാണു കൃഷ്ണകുമാർ മനസിലാക്കുന്നത്. അനുജത്തി മീനാക്ഷിക്കു ശാരിയുടെ സഹപ്രവർത്തകനായ പ്രസാദിനോടുള്ള ഇഷ്ടം മനസിലാക്കുന്ന കൃഷ്ണകുമാർ അതിനൊപ്പം നിൽക്കുന്നു. എന്നാൽ രാഷ്ട്രീയമുഖം നൽകി പ്രസാദിനെ കൊലപ്പെടുത്തി എ.എസ്.പി ഹർഷനുമായി മീനാക്ഷിയുടെ വിവാഹം നടത്തുന്നു. ആ സമയത്തു കൃഷ്ണകുമാറിനെ ജയിലിലുമാക്കി.
മുഖ്യമന്ത്രി രാജിവയ്ക്കുന്നതോടെയാണ് പുതിയ ഇലക്ഷൻ വരുന്നത്. തൊമ്മൻ ചാക്കോ കൃഷ്ണകുമാറിന് അയാളുടെ മണ്ഡലത്തിൽ മത്സരിക്കാനുള്ള പിന്തുണ നൽകുന്നു. എന്നാൽ ബാലഗംഗാധരന്റെ നിർബന്ധത്തിനു വഴങ്ങി അതു പിൻവലിക്കുന്നതോടെ കൃഷ്ണകുമാർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു. അഴിമതിയുടെ കണക്കുകൾ നിരന്ന ആ തെരഞ്ഞെടുപ്പിൽ ബാലഗംഗാധരനെ പരാജയപ്പെടുത്തി കൃഷ്ണകുമാർ വിജയിക്കുകയും ചെയ്തു.
തൊമ്മൻ ചാക്കോയ്ക്കു ഭരിക്കാൻ കൃഷ്ണകുമാറിന്റെ പിന്തുണ വേണ്ടി വരുന്നതോടെ ആഭ്യന്തരമന്ത്രിസ്ഥാനം അയാൾ ആവശ്യപ്പെട്ടു. പിന്നീട് ഗുണ്ടാ ആക്ടു നടപ്പാക്കി കേരളത്തിൽ സമാധാന അന്തരീഷം കൊണ്ടുവരുകയും അഴിമതിക്കാരെയും കൊള്ളപ്പണക്കാരേയും നിയമത്തിനു മുന്നിലെത്തിക്കുകയും ചെയ്തു. കള്ളപ്പണക്കാരനായ മുതിർന്ന അളിയൻ പവിത്രൻ കൃഷ്ണകുമാറിനെ കൊലപ്പെടുത്താൻ പദ്ധതി ഇടുന്നു. പക്ഷേ, തന്റെ തെറ്റുകൾ മനസിലാക്കുന്ന ബാലഗംഗാധരൻ തന്റെ മകൻ കൃഷ്ണകുമാറിനെ തിരിച്ചറിഞ്ഞ് വീണ്ടും സ്നേഹിക്കാൻ തുടങ്ങുന്നു. എന്നാൽ പവിത്രന്റെ ആളുകൾ ബാലഗംഗാധരനെ കൊലപ്പെടുത്തി. അമ്മ പോലും കൃഷ്ണകുമാറിനെ സംശയിച്ചു. ഒടുവിൽ പവിത്രനാണ് അതു ചെയ്തതെന്നു സഹോദരിതന്നെ വെളിപ്പെടുത്തുന്നു. തുടർന്ന് പവിത്രന്റെ ഓഫീസിലെത്തുന്ന കൃഷ്ണകുമാർ അയാളെ വെടിവെച്ചു കൊലപ്പെടുത്തുകയാണ്. എന്നാൽ കേരളത്തിനു ഇനിയും കൃഷ്ണകുമാറിനെ ആവശ്യമുണ്ടെന്നു പറഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ കേസ് കൃഷ്ണകുമാറിൽ നിന്നും ഒഴിവാക്കുന്നു.
മിനിസ്ക്രീനിൽ ഇന്നും വളറെ റേറ്റിംഗ് കിട്ടുന്ന ചിത്രങ്ങളിലൊന്നാണ് ലയണ്‍. ചിത്രത്തിൽ ദിലീപിന്റെ എല്ലാ മാനറിസങ്ങളും ഒരുപോലെ ചേർത്തപ്പോൾ കൃഷ്ണകുമാർ എവർഗ്രീൻ കഥാപാത്രമായി മാറുകയായിരുന്നു.
തയാറാക്കിയത്: അനൂപ് ശങ്കർ