ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
Friday, August 3, 2018 1:52 PM IST
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മുഴുവനായി നിറഞ്ഞു നിൽക്കേണ്ടതില്ല. ഒരു സീനിലായാൽ പോലും ആ കഥാപാത്രത്തെയും സിനിമയെയും തോളിൽവഹിച്ച് പ്രേക്ഷക മനസിൽ കൊണ്ടെത്തിക്കുകയാണു ചെയ്യുന്നത്. അത്തരത്തിൽ മലയാളികളുടെ മനസിൽ ഒരു കൊന്പന്റെ മസ്തകം പോലെ ഉയർന്നു നിൽക്കുന്ന കഥാപാത്രമാണ് ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ. ചിത്രത്തിലെ ഈപ്പച്ചന്റെ ഡയലോഗു പോലും ഓരോ മലയാളിക്കും ഗൃഹസ്ഥമാണ്. നേരാണ്... ഈപ്പച്ചൻ കുടിയിരിക്കുന്നത് മലയാളികളുടെ മനസിലാണ്.
ജോഷിയുടെ സംവിധാനത്തിൽ 1997-ലെത്തിയ എവർഗ്രീൻ ആക്ഷൻ ചിത്രമായിരുന്നു ലേലം. മദ്യവ്യവസായ രംഗത്തെ രണ്ടു കുടുംബക്കാരുടെ കുടിപ്പകയുടെ കഥ പറഞ്ഞ ചിത്രത്തിൽ എം.ജി സോമൻ എന്ന നടന്റെ ശക്തമായ കഥാപാത്രമായിരുന്നു ആനക്കാട്ടിൽ ഈപ്പച്ചൻ. ലേലത്തിൽ നായകനായി എത്തുന്നത് സുരേഷ് ഗോപിയുടെ കഥാപാത്രമായ ആനക്കാട്ടിൽ ചാക്കോച്ചിയാണ്. ചാക്കോച്ചിയുടെ അപ്പനാണ് മധ്യതിരുവിതാകൂരിലെ ഈ മദ്യരാജാവ്. ലേലത്തിന്റെ ആരംഭത്തിൽ സുരേഷ് ഗോപിയുടെ മാസ് എൻട്രിയ്ക്കു ശേഷം അരമണിക്കൂറോളം ചിത്രത്തെ തോളിലേറ്റിക്കൊണ്ടുപോകുന്നത് സോമന്റെ ഈപ്പച്ചനാണ്. ശത്രുക്കളോടു നെടുനീളൻ സംഭാഷണം നടത്താനും പാവങ്ങളെ സഹായിക്കാനും കുടുംബത്തിന്റെ സന്തോഷത്തിനൊപ്പം നിൽ ക്കാനുമെല്ലാം ഈപ്പച്ചനുണ്ട്. എന്നാൽ ശത്രുക്കളുടെ കത്തിമുനയിൽ ഒടുങ്ങുന്പോൾ പോലും അവരെ ചൂണ്ടിക്കാണിക്കാൻ അയാൾ മുതിർന്നില്ല. കാരണം കഴുമരത്തിലേക്കു പോയ അപ്പന്റെ വിധി തന്റെ മകനുണ്ടാകരുതെന്ന് അയാൾ വാശി പിടിച്ചിരുന്നു.
അറുപതിന്റെ മധ്യത്തിൽ സിനിമയിൽ എത്തിയ സോമൻ പിന്നീട് എഴുപത്, എണ്പത് കാലഘട്ടങ്ങളിൽ സൂപ്പർസ്റ്റാർ പദവി വരെ നേടിയിരുന്നു. പിന്നീട് വില്ലനായും സഹതാരമായുമൊക്കെ പ്രേക്ഷക മനസ് കവർന്ന സോമന്റെ അവസാന ചിത്രമായിരുന്നു ലേലം. കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് അവസാന ചിത്രത്തിൽ സോമൻ അവതരിപ്പിച്ചത്. സംഭാഷണ അവതരണത്തിലും മെയ്വഴക്കത്തിലുമെല്ലാം ഈ അതികായന്റെ പകർന്നാട്ടം ചിത്രത്തിന്റെ മാറ്റു കൂട്ടുകയായിരുന്നു. തന്റേതായ ശരികൾ ഈപ്പച്ചനുണ്ടായിരുന്നു.
ഇന്നും പ്രേക്ഷകർ ആനക്കാട്ടിൽ ഈപ്പച്ചനെ ഓർത്തിരിക്കുന്നത് ""ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പഠിച്ചിട്ടില്ല. മരം വെട്ടുകാരനായിരുന്നു എന്റെ അപ്പൻ’’ എന്ന ഡയലോഗിലൂടെയാണ്. ഒരുതരത്തിൽ സോമൻ എന്ന നടനെ പ്രേക്ഷകർ ഓർക്കുന്പോൾ മനസിലെത്തുന്നതും ഈ സംഭാഷണമാണ്. അത്രമാത്രം മാറ്റൊലി സൃഷ്ടിക്കുന്നതായിരുന്നു ആ വാചകങ്ങൾ. അമ്മച്ചിയെ കയറിപ്പിടിച്ച റെയ്ഞ്ചർ സായിപ്പിനെ ഒറ്റവെട്ടിനു രണ്ടു തുണ്ടമാക്കി പോയ അപ്പന്റെ കാര്യവും മീനച്ചിലാറ് നീന്തിക്കടന്ന് കാട്ടിൽ കള്ളവാറ്റ് തുടങ്ങി ഇന്നത്തെ മദ്യരാജാവായതെല്ലാം ആ വാക്കുകളിലുണ്ട്. അന്നു തനിക്കു ശർക്കരയും കൊടവും വാങ്ങാൻ പൈസ തന്നത് തെണ്ടി നടന്ന ഒരു മുഴുഭ്രാന്തിയാണെന്നും അതിന്റെ സ്മരണയിലാണ് തന്റെ വീട്ടിൽ എന്നും ഭിക്ഷക്കാർക്ക് അന്നദാനം നടത്തുന്നതെന്നും കുന്നേൽ കുടുംബക്കാരുടെ മുന്നിൽ വെച്ച് പറയുന്നു. ഒപ്പം കുന്നേൽ കുടുംബത്തിന്റെ പാരന്പര്യവും.
ചിത്രത്തിന്റെ ഏറ്റവും നിർണായകമായ സീനിൽ നെടുനീളൻ സംഭാഷങ്ങളെ ശബ്ദ വിന്യാസം കൊണ്ടും ഭാവപ്രകടനം കൊണ്ടും അതുല്യമാക്കൻ മഹാനടൻ സോമനു കഴിഞ്ഞു. അയാൾ മകൻ ചാക്കോച്ചിക്ക് അടുത്ത സുഹൃത്തും സ്നേഹമുള്ള കുടുംബനാഥനും മരണത്തിനു മുന്നിൽ പോലും പതറാത്തവനുമായിരുന്നു. അതുകൊണ്ടാണ് തന്നെ കൊലപ്പെടുത്താനായി എത്തുന്ന വരോട് കുടുംബ വിശേഷങ്ങൾ തിരക്കാൻ പോലും അയാൾക്കു കഴിഞ്ഞത്. പിന്നിൽ നിന്നും കുത്തിയ സ്ഫടികം ജോർജ് അവതരിപ്പിച്ച ബേബിയോട് ""കടയാടി കൂട്ടത്തിൽ ആണായിട്ടു കരുതുന്ന ഒരുത്തനായിട്ടാണ് ഞാൻ നിന്നെ കരുതിയത്. ഇങ്ങനെ പുറകിൽ നിന്നും കുത്തുന്ന ഭീരുവായിട്ടല്ല. ആണായിട്ട്. ഹാ, പൊയ്ക്കോ... പോയി രക്ഷപ്പെട്ടോ’’ എന്നു പറയുന്ന മഹാമനസ്കതയും ഈപ്പച്ചനിൽ കാണാം.
മിമിക്രിക്കാരും സിനിമാ പ്രേമികളും എം.ജി. സോമനെ മലയാളികളെ ഓർമ്മപ്പെടുത്താൻ ഉപയോഗിക്കുന്നത് ഈ ചിത്രത്തിലെ കഥാപാത്രവും സംഭാഷണത്താലുമാണ്. അതുകൊണ്ടു തന്നെ പ്രേക്ഷക മനസിൽ ഈ കഥാപാത്രം എന്നും നിലനിൽക്കുന്നത് ഇരട്ടച്ചങ്കനായിട്ടാണ്.
തയാറാക്കിയത്: അനൂപ് ശങ്കർ