പപ്പേട്ടന്റെ മനസും സ്നേഹവും
Thursday, July 19, 2018 4:30 PM IST
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുടത്തെ കണ്ണുനീരെന്നും വിളിച്ചു...’ കാവ്യാത്മകമായി കഥയുടെ നോവും നീറ്റലും പകർന്നു തന്ന ഗാനങ്ങൾ നിരവധിയുണ്ട് മലയാളത്തിനു പറയാൻ. പക്ഷേ, ഈ വരികൾക്കു പറയാനുള്ളത് പത്മനാഭന്റെ കഥയായിരുന്നു. കുടുംബത്തിനു വേണ്ടി, താൻ സ്നേഹിച്ചവർക്കായി സ്വയം ഇല്ലാതാകാൻ വിധിക്കപ്പെട്ട പപ്പേട്ടന്റെ സ്നേഹത്തിന്റെ കഥ. ജീവിതത്തിൽ എവിടെയൊക്കെയോ നമ്മെ തൊട്ടുതലോടി കടന്നു പോയ ഒരാളായി നമുക്കു പത്മനാഭനെക്കുറിച്ചു തോന്നുന്നതും ആ ജീവിതത്തെ അറിയുന്നതുകൊണ്ടാണ്. ജയറാം പത്മനാഭനായി എത്തിയ സ്നേഹം എന്ന ചിത്രത്തിലെ കഥാപാത്രം ഉള്ളു നീറുന്പോഴും ചിരിക്കാനും സ്നേഹിക്കാനും മാത്രം അറിയുന്നയാളായി ആയിരുന്നു.
1998-ൽ ജയരാജിന്റെ സംവിധാനത്തിൽ എത്തിയ സ്നേഹം കുടുംബത്തിനെ മറ്റെന്തിനേക്കാളും സ്നേഹിച്ച പത്മനാഭൻ എന്ന വല്യേട്ടന്റെ കഥയാണ് പറഞ്ഞത്. പതിനെട്ടാം വയസിൽ തന്നെ പ്രായമായിപ്പോയതാണ് തന്റെ മനസെന്ന് അയാൾ പറയാറുണ്ട്. അച്ഛൻ മരിച്ച നാൾ മുതൽ അമ്മയും മുത്തശ്ശിയും അനിയനും അനിയത്തിയും അടങ്ങുന്ന കുടുംബത്തെ നോക്കേണ്ട ചുമതല ആ തോളിലായിരുന്നു. ഓരോന്നിനും കണക്കുകൾ സൂക്ഷിച്ച്, സ്വന്ത ഇഷ്ടങ്ങളേയും സന്തോഷങ്ങളേയും മറന്നയാൾ ജീവിച്ചു. ജയരാജ് വെള്ളിത്തിരയിൽ വരച്ചിട്ട പത്മനാഭനു സൃഷ്ടികൊടുത്തത് തിരക്കഥാകൃത്തായിരുന്ന ടി.എ റസാക്കാണ്. കൂടെപ്പിറപ്പുകൾക്കു വെളിച്ചം പകർന്നു സ്വയം ഇല്ലാതായ ഈ സഹോദരനിൽ കഥാകാരന്റെ തന്നെ ജീവാംശം ഉറങ്ങിക്കിടപ്പുണ്ടെന്നതാണ് മറ്റൊരു സത്യം.
അച്ഛന്റെ പേരിനും തറവാടിനും ഒരു കളങ്കവും ഉണ്ടാകാതെ ജീവിച്ച് സഹോദരങ്ങളുടെ നല്ല ജീവിതത്തിനായി നിലകൊണ്ടവനാണ് അവരുടെ പപ്പേട്ടൻ. ഒടുവിൽ അവർ എന്താണ് പകരം കൊടുത്തത്. നൊന്തു നീറിയ നെഞ്ചിന്റെ തണലിൽ പാതിമെയ് തളർന്നു പോയ മണിക്കുട്ടിയെത്തിയപ്പോഴാണ് അയാൾ ആശ്വാസം എന്തെന്നു തിരിച്ചറിഞ്ഞത്. ഒന്നും അയാൾക്കു ഭാരമായിരുന്നില്ല, കാരണം അത്രമേൽ ആ മനസ് പരീക്ഷിക്കപ്പെട്ടിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയ നടൻ ജയറാമിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നു തന്നെയാണ് സ്നേഹത്തിലെ പത്മനാഭൻ. അഭിനയ വഴക്കത്തിൽ ഇരുത്തം വന്ന പാടവം ഇത്തരം ചില കഥാപാത്രങ്ങളിലൂടെ ജയറാം വെള്ളിത്തിരയിൽ പ്രകടമാക്കിയിട്ടുണ്ട്. ഒരു തരത്തിൽ ജയറാമിലെ നടനെ ഉപയോഗിച്ചിട്ടുള്ളത് തീരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ്.
മുതിർന്നവർ പോലും പപ്പേട്ടൻ എന്നാണ് അയാളെ വിളിക്കുന്നത്. കുറച്ച് കർക്കശ്യക്കാരനായ വല്യേട്ടൻ. അനിയൻ ശശിക്കുട്ടൻ ജോലിക്കു പോയാലും അന്തിക്കു വിളക്കു വെക്കുന്നതിനു മുന്പ് എല്ലാവരും വീട്ടിൽ ഒത്തുകൂടുന്നതായിരുന്നു അയാളുടെ സന്തോഷം. ശിവൻ ആ വീട്ടിലേക്കെത്തുന്നതു മുതലാണ് അയാളുടെ കയ്യിൽ നിന്നും കുടുംബത്തിനെ ചേർത്തു നിർത്തിയ ചരട് പൊട്ടിപ്പോകുന്നത്. ശിവനൊപ്പം ശശിക്കുട്ടൻ ജോലി ചെയ്യുന്നതിൽ ആനന്ദിച്ചെങ്കിലും ആ കൂട്ടുകെട്ടിന്റെ അപകടം പിന്നീടാണ് അയാൾ അറിയുന്നത്. പതിയെ അയാൾ ശശിക്കുട്ടന് അന്യനായി മാറുകയായിരുന്നു. സഹോദരിക്കു വേണ്ടി ഏറെ തിരക്കികൊണ്ടുവരുന്ന കല്യാണ ആലോചനക്കാരുടെ മുന്നിൽ അയാൾ നാണം കെട്ടു. എങ്കിലും അനുജത്തിയുടെ ഇഷ്ടം പോലെ ശിവനുമായുള്ള വിവാഹം നടത്തിക്കൊടുത്തി. ഒടുവിൽ മുറപ്പെണ്ണിനെ പോലും അയാൾക്കു നഷ്ടമാകുന്ന അവസ്ഥ വന്നു. ചെറുപ്പം മുതൽ പത്മനാഭനും രാധികയും സ്വപ്നം കണ്ടതായിരുന്നു ഒന്നിച്ചുള്ള ജീവിതം. എന്നിട്ടും ശശിക്കുട്ടനു രാധികയെ വിവാഹം ചെയ്യണമെന്നുള്ള ആഗ്രഹത്തിൽ അയാൾ സ്വന്ത ഇഷ്ടം മറന്നു. സുഖസൗകര്യങ്ങളുള്ള പുതിയ വീട്ടിലേക്ക് എല്ലാവരും യാത്രയാകുന്പോൾ ആ വലിയ വീട്ടിൽ അയാൾ തനിച്ചായിരുന്നു.
അരയ്ക്കു താഴേക്കു തളർന്നു പോയ മണിക്കുട്ടിയുടെ സഹായത്തിന് അയാൾ എന്നുമുണ്ടായിരുന്നു. അമ്മ മരിച്ച് അനാഥയായ മണിക്കുട്ടിക്കു താങ്ങാവുന്നതോടെ അപവാദങ്ങൾ പ്രചരിക്കുന്നു. കുടുംബക്കാരുടെ അനിഷ്ടം നോക്കാതെതന്നെ മണിക്കുട്ടിയെ വിവാഹം ചെയ്തു. എല്ലാവരേയും ക്ഷണിച്ചിട്ടും അമ്മ മാത്രമാണ് ആ ചടങ്ങിൽ പങ്കെടുത്തത്. ശിവന്റെ കന്പനി പോലീസ് റെയ്ഡ് ചെയ്തതോടെ ജയിലിലാകുന്ന ശശിക്കുട്ടനെ രക്ഷിക്കാനായി മണിക്കുട്ടിയുടെ നിർബന്ധത്തിൽ അവളുടെ വീട് വിറ്റ് പണം കണ്ടെത്തുന്നു. ശിവൻ നാടുവിടുന്നതോടെ ഒറ്റയ്ക്കാകുന്ന അനുജത്തിക്കു താങ്ങായും വല്യേട്ടനുണ്ടെന്ന് അറിയിച്ച് പഴയ വീട്ടിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു. പിന്നീട് പപ്പേട്ടന്റെ നിർമ്മലമായ സ്നഹം തിരിച്ചറിഞ്ഞ് അവരുടെ കുടുംബം ഒത്തു ചേർന്നു. അതേ, സ്വർഗത്തിന്റെ വാതിലാണ് സ്നേഹം.
തയാറാക്കിയത്:അനൂപ് ശങ്കർ