ശാപമോക്ഷം തേടി റിച്ചി
Thursday, June 7, 2018 4:46 PM IST
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നിലതെറ്റിച്ചു വീഴ്ത്തി ചുഴറ്റിയടിക്കാൻ പാകത്തിനു അവയൊക്കെ റിച്ചിയെ ഞെരിച്ചമർത്തി. ചെയ്തുപോയ പാപങ്ങളുടെ ഭാരവും നഷ്ടങ്ങളുടെ കണക്കുപുസ്തകവുമായി അവനു ചെന്നെത്താൻ മരണമല്ലാതെ മറ്റൊരു അഭയ സ്ഥാനമില്ലായിരുന്നു. അതൊരു രക്ഷപ്പെടലല്ലായിരുന്നു. പിന്നെയോ, ഇനിയൊരു ജന്മത്തിന് അവസരമില്ലാതെ ചെയ്ത പാപങ്ങളുടെ ശന്പളം ഏറ്റുവാങ്ങുകയായിരുന്നു അവൻ.
കമൽ ആദ്യമായി സംവിധാനം ചെയ്ത മിഴിനീർ പൂവുകളിലെ നായക കഥാപാത്രമായിരുന്നു റിച്ചി എന്ന റിച്ചാർഡ്. ജോണ് പോളിന്റെ രചനയിൽ മോഹൻലാലായിരുന്നു റിച്ചാർഡ് എന്ന കഥാപാത്രമായി എത്തിയത്. പ്രണയവും വഞ്ചനയും തിരിച്ചടികളൊക്കെയായി ഒരു മിഴിനീർ പൂവിന്റെ ക്ഷണികമായ ജീവിതം പോലെയാണ് റിച്ചി പ്രേക്ഷകർക്കു മുന്നിലേക്കെത്തിയത്. 1986-ലെത്തിയ ഈ ചിത്രത്തിൽ ഉർവശി, ലിസി, നെടുമുടി വേണു, തിലകൻ, ഇന്നസെന്റ്, ബഹദൂർ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തിയിരുന്നു. ഇന്നും കാലിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത ചിത്രത്തിന്റെ നെടുംതൂണ് മോഹൻലാലിന്റെ അഭിനയ വൈഭവമായിരുന്നു.
സ്ത്രീത്വത്തിന്റെ അഭിമാനത്തിനു വിലപറയുന്നിടത്തു പ്രകൃതി ഒരുക്കിവെക്കുന്ന ശിക്ഷ പ്രവചനാതീതമായിരിക്കും. റിച്ചിയും ആ പ്രകൃതിയുടെ പ്രത്യാക്രമണത്തിൽ നിലംപരിശാവുകയായിരുന്നു. റിച്ചിക്കു പറയാനുള്ളത് തന്റെ ഇന്നലെകൾ സമ്മാനിച്ച വേദനയുടെ വ്യാപ്തിയെക്കുറിച്ചായിരുന്നു. കാരണം അതു പങ്കുവെയ്ക്കാൻ പോലും ആരുമില്ലാത്തവണ്ണം അവന്റെ ലോകം അവസാനിച്ചു പോയിരുന്നു.
സ്ത്രീകളെ ഒരു ഭോഗവസ്തുവായി മാത്രം കാണാൻ റിച്ചി ശീലിച്ചെതെന്തുകൊണ്ടാകാം? ഒരു പക്ഷേ, സന്പന്നതയുടെ നടുവിലും ബാല്യത്തിൽ അനുഭവിച്ച ഒറ്റപ്പെടലിന്റെ വേദനയാകാം. പണത്തിനു പിന്നാലെ പോയ അച്ഛന്റെയും ക്ലബും തിരക്കുമായി പോയ അമ്മയുടേയും ഓർമ്മകളാകാം ബന്ധത്തിന്റെ വിലയെന്തെന്നു തിരിച്ചറിയാനാവാത്ത വിധം ഒരു മനുഷ്യമൃഗമാക്കി അവനെ മാറ്റിയത്. ബിസിനസും മദ്യപാനവും സ്ത്രീസൗന്ദര്യവും മാത്രമായി അടുക്കും ചിട്ടയുമില്ലാത്ത ജീവിതം. ഓരോ പെണ്കുട്ടികളേയും അവൻ ഒരേ കണ്ണോടെ കണ്ടു. മോഹിച്ചും മോഹിപ്പിച്ചും തട്ടിപ്പറിച്ചും പല ജീവിതം അവൻ തന്റെ കിടക്കയിലേക്കെത്തിച്ചു. ഒപ്പം അതൊക്കെ സുഹൃത്തുക്കൾക്കായി വിളന്പാനും മറന്നില്ല.
വീട്ടിൽ വളർത്തിയിരുന്ന മൃഗങ്ങളെ അവൻ മദ്യപാനം ശീലിപ്പിച്ചു. ഒപ്പം അവനും ആ ലഹരിയിൽ ജീവിച്ചു. ഒരിക്കൽ ആ നാട്ടിലേക്കെത്തുന്ന കുമാരവർമ തന്പുരാനും ഭാര്യ അശ്വതിയും അവന്റെ കണ്ണിൽ പെട്ടു. അതോടെ അശ്വതി അവന്റെ ലക്ഷ്യമായി. ഒന്നും മനസിൽ ഒളിപ്പിച്ചു വയ്ക്കാത്ത റിച്ചി, മാഷിന്റെ ഇഷ്ടം നോക്കാതെ അയാളുമായി ചങ്ങാത്തം കൂടാനെത്തി. അവർക്കു ശല്യമായിട്ടും വീട്ടിൽ സ്ഥിരം സന്ദർശകനായി. ഓരോ തവണയും അശ്വതിയുടെ സൗന്ദര്യം പ്രശംസിക്കാനായിരുന്നു അവന്റെ തടുക്കും. ഒരിക്കൽ മാഷ് സ്കൂളിൽ പോയ തക്കം നോക്കി കുളിച്ച് ഈറനായി വസ്ത്രം മാറാനെത്തുന്ന അശ്വതിയെ അവൻ വീട്ടിൽ കയറി ബലാൽക്കാരം ചെയ്യുന്നു. സാധുവായി മാഷ് അതുൾക്കൊള്ളാനാകാതെ ആത്മഹത്യയും ചെയ്തു.
അവിടെ നിന്നും റിച്ചിയുടെ പതനം ആരംഭിക്കുകയായിരുന്നു. വിവാഹം കഴിച്ചെത്തുന്ന സോഫിയുടെ മുന്നിൽ ആദ്യ രാത്രി തന്നെ സത്യം പറയേണ്ട അവസ്ഥ അവനുണ്ടായി. ഒരു തരത്തിൽ അവിടെ നിന്നും അവൻ പുതിയ മനുഷ്യനായി മാറുകയായിരുന്നു. എന്നാൽ കാലം അവനായി കാത്തുവെച്ചത് മറ്റൊന്നായിരുന്നില്ല. ഭാര്യയുമായി വിനോദ സഞ്ചാരത്തിനെത്തുന്ന റിച്ചിയെ അക്രമിച്ച് അവന്റെ സുഹൃത്തുക്കൾ തന്നെ സോഫിയെ ഉപദ്രവിച്ച് കൊലപ്പെടുത്തി. അവിടെ നിന്നും പാപഭാരത്തിന്റെയും പശ്ചാത്തപത്തിന്റെയും ഉൾത്തടത്തിലേക്കു റിച്ചി വീണുപോയി. മദ്യത്തിൽ വിഷം ചേർത്തു കുടിച്ച് അവൻ അശ്വതിയോടു തന്റെ തെറ്റ് പൊറുക്കണം എന്ന അപേക്ഷയുമായി എത്തി. എന്നാൽ അവൾക്കതിനാകില്ല എന്നവനറിയാമായിരുന്നു. ഒടുവിൽ മഴ മതിച്ചു പെയ്യുന്ന ആ രാത്രിയിൽ തന്നെ ഓമനിച്ചു വളർത്തിയ പള്ളിവികാരി സാക്ഷിയായി ക്രിസ്തുവിന്റെ കുരിശു രൂപത്തിനു മുന്നിൽ മുട്ടുമടക്കി റിച്ചി മരിച്ചു വീണു. അവിടെ എല്ലാ പാപങ്ങളും, എല്ലാ ശാപങ്ങളും അവന്റെ മരണത്തിലൂടെ അവസാനിക്കുകയായിരുന്നു.
പ്രണയത്തിൽ മോഹൻലാലിനു മാത്രമുള്ള പകർന്നാട്ടത്തിന്റ വേദിയായിരുന്നു മിഴനീർ പൂവുകൾ. പ്രത്യേകിച്ചും ക്ലൈമാക്സിലെ പ്രകടനത്താൽ തന്നെ മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് റിച്ചി.
തയാറാക്കിയത്: അനൂപ് ശങ്കർ