സാഗർ കഥയെഴുതുകയാണ്..
Wednesday, May 16, 2018 7:25 PM IST
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ അന്നു ഞാൻ ഈ പണി നിർത്തും’’- അടുത്തകാലത്ത് ഒരു ടെലിവിഷൻ ആവാർഡ് ഷോയിൽ നടൻ ജയറാം നടത്തിയ വെല്ലുവിളിയാണിത്. മലയാളികൾ അതിനെ വലിയ കയ്യടിയോടെ സ്വീകരിക്കുകയും ചെയ്തു. കാരണം അതു മോഹൻലാൽ എന്ന നടനു മാത്രം സാധിക്കുന്ന അനശ്വര കഥാപാത്രങ്ങളിലൊന്നാണെന്നു ജയറാമിനെപോലെ ഓരോ മലയാളിക്കും അറിയാം.
സംവിധായകൻ സിദ്ധിഖിന്റെ കഥയിൽ ശ്രീനിവാസൻ തിരക്കഥ ഒരുക്കി കമൽ സംവിധാനം ചെയ്തു 1998-ൽ തിയറ്ററിലെത്തിയ അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമാണ് മേൽപ്പറഞ്ഞ സാഗർ കോട്ടപ്പുറം. സുഹൃത്ത് രാമകൃഷ്ണന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് സാഗറിനെ പ്രേക്ഷകർ കാണുന്നത്. സ്വാഭാവിക അഭിനയത്തിനൊപ്പം മെയ്വഴക്കവും മോഹൻലാൽ അനായാസമായി ഉപയോഗിച്ചപ്പോൾ നർമരംഗങ്ങളൊക്കെ മലയാളികൾക്കു മുന്നിൽ വിരുന്നു സൃഷ്ടിക്കുകയായിരുന്നു. ആക്ഷേപഹാസ്യത്തിൽ നർമത്തെ ഫലപ്രദമായി ഉപയോഗിക്കുന്പോഴും ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലെ പ്രകടനവും മാനസികതലത്തിന്റെ പരിവർത്തനവുമൊക്കെ മോഹൻലാലിനല്ലാതെ മറ്റാർക്കും ഈ കഥാപാത്രമാകാനാകില്ല എന്നു ചിത്രം തെളിയിക്കുന്നുണ്ട്. ചിത്രത്തിൽ ഷോക്കടിച്ചു വീഴുന്ന മോഹൻലാലിന്റെ അഭിനയം കണ്ട് താൻ കട്ട് പറയാൻ മറന്നതായി സംവിധായകൻ കമൽ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ആരാണ് സാഗർ കോട്ടപ്പുറം? പെങ്കിളി നോവലിലൂടെ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള എഴുത്തുകാരനാണ് അയാൾ. ""പൂങ്കിളി വാരികയിലെ മന്ദാരപുഷ്പം എന്ന നോവൽ എഴുതുന്നത് ഞാനാ. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നോവലെഴുതുന്ന മാത്യു പള്ളിപ്പറന്പിൽ ആരാ... അതും ഞാനാ. അങ്ങനെ എത്ര എത്രയോ പേരുകളിൽ ഞാൻ എഴുതിക്കൊണ്ടിരിക്കും''. എന്നാൽ തന്റെ വായനക്കാരോട് പുച്ഛം മാത്രമാണ് സാഗറിനുള്ളത്. മുന്നിലെത്തിയ ആരാധകനോട് താനടക്കമുള്ള എന്റെ വായനക്കാരൊക്കെ വെറും കിഴങ്ങന്മാരും പുണ്ണാക്കന്മാരാണെന്നും അയാൾ പറയുന്നു. ഞാനാകുന്ന സി.വി രാജമ്മ എന്ന നോവലിസ്റ്റിന് ഒരു ദിവസം വരുന്ന പ്രേമലേഖനങ്ങളുടെ എണ്ണം ഇരുന്നൂറിൽ കൂടുതലാണ്. ഒരേ കഥയെ പല പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണു താനെന്നും അയാൾ തുറന്നു പറയുന്നു. ആത്മനിർവൃതിക്കും അരക്കുപ്പി ബ്രാൻഡിക്കും വേണ്ടി നോവലെഴുതിയവനു പക്ഷേ, കൂട്ടുകാരൻ രാമകൃഷ്ണനെ തേടിയുള്ള യാത്ര സമ്മാനിച്ചത് മറ്റു ചില തിരിച്ചറിവുകളായിരുന്നു.
മോഹൻലാൽ സാഗർ കോട്ടപ്പുറമായപ്പോൾ രാമകൃഷ്ണനായി ശ്രീനിവാസനും പ്രിയദർശിനിയായി നന്ദിനിയുമാണ് എത്തിയത്. നഗരത്തിൽ ട്രാഫിക് ബ്ലോക് സൃഷ്ടിക്കുന്നതും പിന്നീട് വീടിന്റെ കോളിംഗ് ബെൽ അമർത്തി ഷോക്കടിച്ച് വീഴുന്നതും മദ്യപിച്ചുകൊണ്ട് വീടിനുള്ളിൽ കയറി മാക്സിയിട്ടു നടക്കുന്നതുമടക്കം പ്രേക്ഷകരെ ഏറെ രസിപ്പിക്കാൻ സാഗറിനു സാധിക്കുന്നുണ്ട്. എന്നാൽ താനെത്തിയത് രാമകൃഷ്ണനു ചാർജ് ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിക്കുന്ന പഴയ തഹസിൽദാരുടെ വീടാണെന്നു പിന്നീടാണ് അയാൾ അറിയുന്നത്. അതോടെ സാഗറും പ്രിയദർശിനിയുടെ ശത്രുവായി മാറി. ഒടുവിൽ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽവരെ കാര്യങ്ങളെത്തി. അതിനു സാഗർ പ്രതികാരം കണ്ടെത്തിയത് മഞ്ചാടി വാരികയിൽ പ്രിയയെ അപമാനിക്കുന്നതിനായി നോവലെഴുതിയാണ്. "ഒരു ഗസറ്റഡ് യക്ഷി’. പക്ഷേ, പിന്നീടവൻ അറിഞ്ഞു, ഒരിക്കൽ വിവാഹം കഴിക്കാനായി തെരഞ്ഞെടുത്ത കുട്ടിയാണ് ഈ പ്രിയ എന്ന്.
ദുബായിൽ സാഗർ ജോലി ചെയ്തിരുന്ന സമയത്ത് ഫോട്ടോ പോലും കാണാതെ സാഗർ വിവാഹം കഴിക്കാൻ നിശ്ചയിച്ച പെണ്കുട്ടി. വിവാഹത്തിനായി നാട്ടിലെത്തിയെങ്കിലും പെണ്കുട്ടി ഓടിപ്പോയതിന്റെ സങ്കടവും നാണക്കേടുമാണ് ഇന്നത്തെ നിലയിലേക്കു അയാളെ കൊണ്ടെത്തിക്കുന്നത്. പക്ഷേ, തന്നെ ചതിക്കാനാഗ്രഹിക്കാത്ത പ്രിയയുടെ നല്ല മനസ് അവൻ തിരിച്ചറിഞ്ഞു. എന്നോ സംഭവിച്ചുപോയൊരു തെറ്റിദ്ധാരണയിൽ താളംതെറ്റിയതാണ് പ്രിയയുടെ മനസ്. കാണാതെന്നെ താൻ ഒരുപാട് സ്നേഹിച്ച പ്രിയയെ അവൻ തന്റെ ജീവിതത്തിലേക്ക് ഒപ്പം ചേർത്തു. അവിടെ സാഗറിന്റേയും പ്രിയയുടേയും ജീവിതം മാറി. അയാൾ പുതിയ കഥ രചിക്കുകയാണ്. അല്ല, പുതിയ ജീവിതം!
ഇന്നും മലയാളികളുടെ മനസിൽ "നമുക്കു ചോദിച്ചു ചോദിച്ചു പോകാം’ എന്നു പറഞ്ഞ് സാഗർ കോട്ടപ്പുറമുണ്ട്. തഹസിൽദാരുടെ വീടു ചോദിക്കടോ എന്നു പറഞ്ഞുകൊണ്ട് സാഗർ വാതിൽ തുറന്നു കയറിയതാകട്ടെ മലയാളികളുടെ മനസിലേക്കും.
തയാറാക്കിയത്: അനൂപ് ശങ്കർ